കൊവിഡ് പ്രതിരോധം: കെഎസ്ഡിപിയുടെ മരുന്ന് ഉത്പാദനത്തിൽ റെക്കോഡ് വർധനവ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) രണ്ടര മാസം കൊണ്ട് മൂന്നിരട്ടി അവശ്യമരുന്നുകള്‍ ഉത്പാദിപ്പിച്ചു. മാര്‍ച്ച് മുതല്‍ മെയ് 18 വരെ 16 കോടി ടാബ്ലെറ്റ്, 2.66 കോടി കാപ്സ്യൂള്‍, 1.8 ലക്ഷം ലിറ്റര്‍ ഇഞ്ചക്ഷന്‍ മരുന്ന്, 1.8 ലക്ഷം പാക്കറ്റ് ഒആര്‍എസ് എന്നിവയാണ് നിര്‍മിച്ചത്. ആകെ 27 കോടിയോളം രൂപയുടെ ഉത്പാദനം നടത്തി.
നേരത്തെ, മാസം 2.5 കോടി ടാബ്ലെറ്റും 79 ലക്ഷം കാപ്സ്യൂളും മാത്രമാണ് സ്ഥാപനം നിര്‍മിച്ചിരുന്നത്. ആകെ നാല് കോടി രൂപയുടെ മരുന്ന്. കൊവിഡ് 19 രോഗികള്‍ക്ക് ആവശ്യമായ പാരസെറ്റമോള്‍ (7.39 കോടി), സിട്രിസിന്‍ (2.55 കോടി), അംലോഡൈഫൈന്‍ (1.88 കോടി), മെറ്റ്ഫോര്‍മിന്‍ (1.14 കോടി) തുടങ്ങി 12 ഇനം ടാബ്ലെറ്റുകളും, അമോക്സിലിന്‍ (2.56 കോടി), ഒമെപ്രാസോള്‍ (5.3 ലക്ഷം) തുടങ്ങിയ നാലിനം കാപ്സ്യൂളുകളും പിപ്പെറാസിലിന്‍ ടസോബാക്ടം (1.36 ലക്ഷം ലിറ്റര്‍) സെഫിട്രിയാക്സോണ്‍ എന്നീ ഇഞ്ചക്ഷന്‍ മരുന്നുകളുമാണ് ഉത്പാദിപ്പിച്ചത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് (കെഎംഎസ്സിഎല്‍) കൈമാറുന്ന ഈ മരുന്നുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലുമാണ് വിതരണം ചെയ്യുന്നത്. കൊവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികയുടെ ഉത്പാദനം ഉടന്‍ ആരംഭിക്കും. ഇതുവരെ 13.7 ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും കെഎസ്ഡിപി നിര്‍മിച്ച് വിതരണം ചെയ്തു. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ചേര്‍ന്ന് ആരോഗ്യമേഖലയിലെ ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്കും ചുവടുവെക്കുകയാണ് കെ എസ്ഡിപി.
Story Highlights: KSDP drug production increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here