കൊല്ലത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

കൊല്ലം, ഏറത്ത് പാമ്പുകടിയേറ്റ് മരിച്ച ഉത്തരയുടെ മരണത്തിൽ രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദേശം നൽകി. നിർദ്ദേശത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനും സംഘവും ഇന്ന് രാവിലെ 11 മണിയോടുകൂടി ഉത്തരയുടെ വീട്ടിൽ എത്തി തെളിവെടുപ്പും വിവരശേഖരണവും നടത്തി.
ഉത്തരയുടെ മാതാപിതാക്കളും സഹോദരനും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരുമകൻ സൂരജ് തങ്ങളുടെ മകളെ പാമ്പിനെ കൊണ്ടുവന്ന് കൊത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നുമുള്ള മൊഴിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിലും നൽകിയത്.
ഉത്തര പാമ്പുകടിയേറ്റ് മരിച്ചുകിടന്ന മുറി വിശദമായി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്നു ക്രൈംബ്രാഞ്ച് സംഘം തൊട്ടടുത്ത റബ്ബർ തോട്ടത്തിൽ നിന്നും പാമ്പ് റൂമിലേക്ക് കയറി വരാൻ കഴിയുന സാധ്യതകളെക്കുറിച്ചും പരിശോധിച്ചു . ഇതിനു പുറമേ അയൽവാസികളുടെ മൊഴിയും രേഖപ്പെടുത്തി. അയൽ വാസികളുടെ മൊഴിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെന്നും ഉത്തരയെ കടിച്ചപോലെയുള്ള വലിയ പാമ്പിനെ ആരും കണ്ടിട്ടില്ല എന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.
ഉത്തരയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നുള്ള വിലയിരുത്തലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും. നാളെത്തന്നെ എസ്പിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കേസന്വേഷണം പൂർണമായി ക്രൈംബ്രാഞ്ചിന് വിട്ടിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മാത്രമാണ് നിർദേശം നൽകിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് പഠിച്ച ശേഷം മാത്രമേ അന്വേഷണ സംഘം രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുവെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. എസ്‌ഐമാരായ അബ്ദുൾ സലാം, മുരുകൻ, മിർസ്സ, എസ്‌സിപിഒമാരായ അഖിൽ പ്രസാദ്, സജീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Story highlight: The incident has intensified after police investigated the death of a woman who was bitten by a snake in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here