പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം; സൂരജിനെതിരെ വനംവകുപ്പും കേസെടുക്കും

uthra's death

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനും പാമ്പിനെ എത്തിച്ചു നൽകിയ സുഹൃത്തിനുമെതിരെ വനംവകുപ്പും കേസെടുക്കും. വനം വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശം വച്ചതിനാണ് കേസെടുക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഉത്രയുടെ മരണം കൊലപാതകമാണെന്നും ഇത് ചെയ്തത് സൂരജാണെന്നുമുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ചിനെ ചോദ്യം ചെയ്യലിൽ സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായാണ് സൂചന. രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തി. ആദ്യ ശ്രമം നടത്തിയത് മാര്‍ച്ചിലായിരുന്നു. സുഹൃത്തായ സുരേഷാണ് പാമ്പിനെ അടൂരിലുള്ള സൂരജിന്റെ വീട്ടിൽ എത്തിച്ചത്. അന്ന് പാമ്പുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീണ്ടും പാമ്പ് പിടുത്തക്കാരെ സമീപിച്ച് മറ്റൊരു പാമ്പിനെ വാങ്ങി. ആറാം തീയതി രാത്രി മൂര്‍ഖന്‍ പാമ്പിനെ കുപ്പിയില്‍ നിന്ന് തുറന്നുവിട്ട് വീണ്ടും കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ രാവിലെ വീട്ടുകാരെ ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും പാമ്പിനെ തല്ലിക്കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നാണ് വിവരം.

Read Also:‘പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലും അറിയും’അഞ്ചലിലെ യുവതിയുടെ മരണത്തിൽ വാവ സുരേഷിന് പറയാനുള്ളത്

മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

Story highlights:forest dept will take case against sooraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top