ട്രക്കിംഗ് വേഷത്തിൽ മഞ്ജുവാര്യർ; ‘കയറ്റം’ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ‘കയറ്റം’ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’.
ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ ‘അഹർ’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
ചന്ദ്രു സെൽവരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്. ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Story highlight: kayattam movie first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here