തൃശൂര്‍ ജില്ലയിലെ അങ്കണവാടികള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ ക്വാറന്റീന്‍ ചെയ്യാന്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കാന്‍ തൃശൂര്‍ ജില്ലയിലെ അങ്കണവാടികള്‍ ഒരുക്കി. അടിയന്തര സാഹചര്യം നേരിടാന്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളാണ് ഏറ്റെടുക്കുന്നത്.
ചാവക്കാട് താലൂക്കില്‍ രണ്ട് അങ്കണവാടികളും പുത്തൂരില്‍ മൂന്ന്, ചേര്‍പ്പ് രണ്ട്, കൈപ്പറമ്പ് അഞ്ച്, തൃശൂര്‍ കോര്‍പറേഷനില്‍ ഒന്ന് വീതം അങ്കണവാടികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി. കൂടാതെ വല്ലച്ചിറ, മതിലകം, വെങ്കിടങ്ങ്, അരിമ്പൂര്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളും ഇതിനായി സജ്ജമാക്കി.
വെള്ളം, വൈദ്യുതി, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. സ്ഥലപരിമിതിയും സാമൂഹിക അകലവും കണക്കിലെടുത്ത് പരമാവധി രണ്ട് പേരെയാണ് ഇവിടെ താമസിപ്പിക്കുക. ഇതോടനുബന്ധിച്ച് അങ്കണവാടികള്‍ വഴി ചെയ്യുന്ന പോഷകാഹാര വിതരണം പൂര്‍ത്തിയാക്കി. കെട്ടിടങ്ങള്‍ ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം വന്നതോടെ മെയ് 31 വരെയുള്ള സ്റ്റോക്കുകളുടെ വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തു.
കൊവിഡ് കെയര്‍ സെന്ററുകള്‍ ആക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന അങ്കണവാടികളിലെ സ്റ്റോക്ക് വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലേക്ക് മാറ്റും. പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷം മാത്രമേ അങ്കണവാടികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങൂ എന്ന് ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Story Highlights: anganwadi, covid Care Centers, Thrissur District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here