ജുഡീഷ്യൽ മജിസ്ട്രേറ്റായി തുടക്കം; ഒടുവിൽ രജിസ്ട്രാർ ജനറലിൽ നിന്ന് ജഡ്ജിയിലേക്ക്

ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് കെ ഹരിപാലിനെ തേടി ഹൈക്കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് എത്തുന്നത്. ഒരു വർഷത്തോളം ഹൈക്കോടതി രജിസ്ട്രാർ ജനറലായി പ്രവർത്തിച്ചു. ജുഡീഷ്യൽ മജിസ്ട്രേറ്റായിട്ടായിരുന്നു കെ ഹരിപാൽ നിയമ ജീവിതത്തിന് തുടക്കം കുറിച്ചത്.
ചങ്ങനാശേരി പായിപ്പാട് മല്യത്ത് പരേതരായ എം.എൻ. കരുണാകരൻ നായരുടെയും എം. എൻ. രുക്മിണി അമ്മയുടെയും മകനാണ് ഹരിപാൽ. പായിപ്പാട് മുസ്ലീം എൽ.പി സ്കൂൾ, കുന്നന്താനം എൻ. എസ്.എസ് ഹൈസ്കൂൾ, തിരുവല്ല മർത്തോമ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 1986 ൽ എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമ ബിരുദം നേടി. അടുത്ത വർഷം മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റായി നിയമനം.
1990 ൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും 2005 ൽ ജില്ലാ ജഡ്ജിയുമായി. ലോകായുക്തയിൽ രജിസ്ട്രാറായും വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ പദ്മനാഭ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 2018 ജനുവരിയിൽ കേരള ഹൈക്കോടതിയിൽ സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറായിരുന്നു. 2019 ൽ രജിസ്ട്രാർ ജനറലായി.
read also: കെ. ഹരിപാൽ കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ഭാര്യ . മായ ഹരിപാൽ. മകൻ : കൃഷ്‌ണൻ ഹരിപാൽ (എൻജിനീയർ, ബംഗളൂരു)
Story highlights- k haripal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here