Advertisement

‘ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ എന്നത് കേന്ദ്രമന്ത്രിയല്ല തീരുമാനിക്കേണ്ടത്; കേരളത്തിലെ ജനങ്ങളാണ്‌: മുഖ്യമന്ത്രി

May 26, 2020
1 minute Read

കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദവിക്ക് ചേര്‍ന്ന പ്രതികരണമല്ല കേന്ദ്രമന്ത്രിയുടേത്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നുണ്ടോ എന്നത് പീയുഷ് ഗോയലല്ല കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചത്. സ്വന്തം നാട്ടുകാരെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യുമെന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്. കൊവിഡ് 19 അവലോകന യോഗശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ് പീയുഷ് ഗോയലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്.

കേരളത്തിലെ ജനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് അങ്ങനെ പറയാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന്, പ്രത്യേകിച്ച് മുംബൈയില്‍ നിന്ന് ആളുകള്‍ വരാന്‍ താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. വരുന്നവരെയെല്ലാം സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. ഇവരെല്ലം ഒന്നിച്ചുവന്നാല്‍ ക്രമീകരണങ്ങളുടെ താളം തെറ്റും.

സംസ്ഥാനത്ത് ചെയ്യുന്നത് ഒരു ട്രെയിന്‍ വരുമ്പോള്‍ ആ ട്രെയിനില്‍ വരുന്നവര്‍ നേരത്തെ തന്നെ കേരളാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ വന്നാല്‍ നേരത്തെ ആരൊക്കെ വരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും. അവരെ ക്വാറന്റീന്‍ ചെയ്യാന്‍ സൗകര്യമുണ്ടോ എന്നെല്ലാം പരിശോധിക്കാം. എന്നാല്‍ അത് പാലിക്കാതെ ട്രെയിന്‍ വിടുന്ന സ്ഥിതി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ട്രെയിനില്‍ ഇവിടെ വന്ന് ഇറങ്ങിയ ശേഷം ഇവര്‍ക്കെല്ലാം ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുകയെന്നത് സാധിക്കില്ല. ഒട്ടേറെ അപാകതകള്‍ ഉണ്ടാകും. അത് ഒഴിവാക്കണമെന്നതിനാലാണ് റെയില്‍വേ മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് കത്ത് അയച്ചത്.

Read More: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

കേന്ദ്രമന്ത്രിയോട് പറഞ്ഞത് കേരളത്തിലേക്ക് വരുന്നവര്‍ കേരളത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. ആരൊക്ക വരുന്നുവെന്നത് റെയില്‍വേ കേരളത്തെ അറിയിക്കണമെന്നും പറഞ്ഞു. ഇത് റെയില്‍വേ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട കാര്യമാണ്. പക്ഷേ അത്തരം ഒരു കത്ത് അദ്ദേഹത്തിന് ലഭിച്ചശേഷം അടുത്ത ദിവസം വീണ്ടും ട്രെയിന്‍ പുറപ്പെടാന്‍ അനുമതി നല്‍കി. അപ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ ഇടപെട്ടത്. ഇത്രയുമായപ്പോള്‍ പ്രധാനമന്ത്രിയെ കത്തിലൂടെ ഇക്കാര്യം അറിയിച്ചു.

ട്രെയിനില്‍ വരുന്നവര്‍ കേരളത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് മാത്രമാണ് എടുത്ത നിലപാട്. അദ്ദേഹം പറഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി. ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവം അദ്ദേഹം ഉള്‍ക്കൊള്ളുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്നത് പീയുഷ് ഗോയലല്ല തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, piyush goyal,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top