പൊലീസിന് ആദരവ് അറിയിച്ച് ആറാം ക്ലാസുകാരി; മധുരം നൽകി നന്ദി അറിയിച്ച് പൊലീസും

കൊവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും മഴയത്തും വിശപ്പും ദാഹവും നോക്കാതെ പൊതുജനങ്ങള്‍ക്കുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുളള ഹൃദയം നിറഞ്ഞ ആശംസകളും കടലോളമുള്ള നന്ദിയുമറിയിക്കുന്നു – പാലക്കാട് ജില്ലയിലെ തൃത്താല പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകിട്ടിയ കത്തിലെ വരികളാണിത്. കടലോളം നന്ദിയറിയിച്ച് കത്തെഴുതിയയാളെ അന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഒരു ആറാം ക്ലാസുകാരിയെ. പേര് ദര്‍ശന റനീഷ്, മേഴത്തൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി.
അവധിക്കാലവും അധ്യയനവര്‍ഷാരംഭവുമൊക്കെ അനിശ്ചിതത്വത്തിലായി വീടിനുളളില്‍ ഇരിക്കേണ്ടിവന്ന നിരാശയിലും പരിഭവത്തിലുമായിരുന്നു ദര്‍ശന. നാട്ടിലെ പോലീസുകാരും മറ്റുമനുഭവിക്കുന്ന പ്രയാസങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊക്കെ ഒന്നുമല്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. തുടര്‍ന്നങ്ങോട്ട് ഈ കൊറോണക്കാലത്തെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വാര്‍ത്തകളൊക്കെ ദര്‍ശന കണ്ടും കേട്ടും മനസിലാക്കാന്‍ തുടങ്ങി.
Read Also:സിനിമാ സെറ്റ് തകർത്ത സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും
രാപല്‍ വ്യത്യാസമില്ലാതെ കോറോണ പ്രതിരോധത്തില്‍ പങ്കാളികളായ തൃത്താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കത്ത് പുത്തനുണര്‍വു നല്‍കി. കൊവിഡ് തിരക്കുകള്‍ക്കിടയിലാണെങ്കിലും കത്തിനോട് പ്രതികരിക്കാതിരിക്കാനായില്ല. വളര്‍ന്നുവരുന്ന പുതിയ തലമുറ പൊലീസ് സേനയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് നന്ദി അറിയിക്കുന്നതിനും കുരുന്നു മനസിന്‍റെ കരുതലിനെ അഭിനന്ദിക്കുന്നതിനും തൃത്താല പൊലീസ് സ്റ്റേഷനിലെ എസ്ഐഎസ് അനീഷ്, പിആര്‍ഒ രാമകൃഷ്ണന്‍, സിപിഒമാരായ ജിജോമോന്‍, സന്ദീപ് എന്നിവര്‍ ദര്‍ശനയുടെ വീട്ടിലെത്തി. കൈയ്യിലൊരു കേക്കും കരുതി. എല്ലാ തിരക്കുകള്‍ക്കിടയിലും തന്നെയന്വേഷിച്ച് പൊലീസുദ്യോഗസ്ഥരെത്തിയപ്പോള്‍ അവള്‍ക്ക് വീണ്ടും അത്ഭുതവും ആഹ്ലാദവും.
Story Highlights – kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here