Advertisement

ജയലളിതയുടെ സ്വത്തുക്കൾ മരുമക്കൾക്ക്; സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി ഉത്തരവ്

May 27, 2020
Google News 1 minute Read
jayalalitha

അന്തരിച്ച് മുൻമുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വേദനിലയം വസതി അടക്കമുള്ള സ്വത്തുക്കൾ മരുമക്കൾക്ക് നൽകികൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജയലളിതയുടെ പോയസ് ഗാർഡൻ വസതി സ്മാരകമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്ക് ഇതോടെ കോടതി തടയിട്ടു. ജയലളിതയുടെ അനന്തരവൾ ജെ ദീപയെയും അനന്തരവൻ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസ് എൻ കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പോയസ് ഗാർഡനിലെ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമേ ആവശ്യമെങ്കിൽ സ്മാരകമായി മാറ്റാൻ കഴിയൂ എന്നും കോടതി.

നിയമപരമായി ജയയുടെ സ്വത്തുക്കളുടെ അവകാശികൾ തങ്ങളാണെന്ന് മരുമക്കൾ കോടതിയെ അറിയിച്ചിരുന്നു. ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുമെന്നും ജീവകാരുണ്യ പ്രവർത്തനം നടത്തുമെന്നും അവർ അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ വേദ നിലയം താത്കാലികമായി കൈവശപ്പെടുത്താൻ വേണ്ടി ഓർഡിനൻസ് പ്രഖ്യാപിച്ചിരുന്നു. വേദ നിലയത്തെ സ്മാരകമായി മാറ്റാൻ പുരഴ്ചി തലൈവി ഡോ. ജെ ജയലളിത മെമ്മോറിയൽ ഫൗണ്ടേഷൻ സ്ഥാപിക്കാനും ഓർഡിനൻസിലൂടെ പദ്ധതിയുണ്ടായിരുന്നു. മുഖ്യമന്ത്രിയെയാണ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ ആക്കാൻ ഉദ്ദേശിച്ചിരുന്നത്. മറ്റ് അംഗങ്ങളായി ഉപമുഖ്യമന്ത്രി, വിവരവകുപ്പ് മന്ത്രി, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയാണ് നിശ്ചയിച്ചിരുന്നത്. ഇതേ തുടർന്നാണ് ജയയുടെ സ്വത്തുക്കളുടെ അവകാശികളാവാൻ അനുവാദം ആവശ്യപ്പെട്ട് ദീപയും ദീപക്കും കോടതിയിൽ ഹർജി നൽകിയത്.

ജയലളിതയുടെ അമ്മ സന്ധ്യയാണ് പോയസ് ഗാർഡനിലെ വേദനിലയം വാങ്ങിയത്. 1967ൽ വാങ്ങിയ വീടിന് 24,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. അന്ന് 1.32 ലക്ഷത്തിന് വാങ്ങിയ വീടിന്റെ വില 2016ലെ തമിഴ്‌നാട് സർക്കാരിന്റെ കണക്ക് അനുസരിച്ച് 46 കോടി രൂപയാണ്. കൂടാതെ തങ്ങളെ ജയയുടെ 913 കോടിയുടെ സ്വത്തുക്കളുടെ അഡ്മിനിസ്‌ട്രേറ്റർമാരാക്കാനുള്ള പുകഴേന്തിയുടെയും പി ജാനകിരാമന്റെയും അപേക്ഷയും കോടതി തള്ളി.

Story highlights-jayalalitha assets, madras hc ,announced legal heirs nephews

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here