Advertisement

ഉത്ര കൊലക്കേസ്; മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം നിഷേധിച്ച് സൂരജ്

May 27, 2020
Google News 2 minutes Read
uthra's death

ഉത്ര കൊലക്കേസ് പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സൂരജിന് സുരേഷ് പാമ്പിനെ കൈമാറിയ ഏനാത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ച് വലിയ ആൾക്കൂട്ടമാണ് പറക്കോടുള്ള വീട്ടു പരിസരത്തും അടൂരും പ്രതിയെ കാണാൻ തമ്പടിച്ചത്. രാവിലെ 11 മണിയോട് കൂടിയാണ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചത്. കിടപ്പ് മുറിയിലും പാമ്പിനെ സൂക്ഷിച്ച ടെറസിലും പാമ്പിനെ ഉപേക്ഷിച്ചു എന്ന് സൂരജ് പറഞ്ഞ സമീപത്തെ പറമ്പിലും പരിശോധനയും തെളിവെടുപ്പും നടത്തി. താൻ നിരപരാധിയാണെന്ന് തെളിവെടുപ്പിനെത്തിച്ചത് മുതൽ സൂരജ് മാധ്യമങ്ങളോട് പറഞ്ഞ് കൊണ്ടിരുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കൊലക്കേസിലെ പ്രതിയെ കാണാൻ വലിയ ആൾക്കൂട്ടമാണ് തടിച്ച് കൂടിയത്. അയൽ വീടുകളിലും തൊട്ടടുത്ത പറമ്പുകളിലും ആൾക്കൂട്ടം തിങ്ങി നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു. സൂരജ് ജോലി ചെയ്ത സ്വകാര്യ സ്ഥാപനത്തിന് സമീപത്തും തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ ആളുകൾ കൂടിയതോടെ സ്ഥാപനത്തിനുളളിൽ കയറ്റിയില്ല. നേരത്തെ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.

പാമ്പുകളെ കൈകാര്യം ചെയ്യാൻ യൂ ട്യൂബ് വീഡിയോകൾ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബർ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരൻ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടു. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ട്. അണലി , മൂർഖൻ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നൽകിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയിൽ ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സർജറിയൊക്കെ ചെയ്താണ് ഏപ്രിൽ 22 ന് ഡിസ് ചാർജ് വാങ്ങി ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതിനാൽ ജാറിലടച്ച മൂർഖനുമായി സൂരജെത്തി.

Read Also:സൂരജ് ​ഗുണ്ടാ ടീമിന്റെ ലീഡർ; പാമ്പുപിടുത്തക്കാരുമായി നല്ല ബന്ധം: ഉത്രയുടെ സഹോദരൻ ട്വൻിഫോറിനോട്

മേയ് 6 ന് അർധരാത്രി ഒരു മണിയോടെ ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കി മൂർഖൻ പാമ്പിനെക്കൊണ്ട് വലതു കൈത്തണ്ടയിൽ രണ്ടു തവണ കടിപ്പിച്ചു മരണം ഉറപ്പാക്കി. പാമ്പിനെ തിരികെ ജാറിലാക്കാൻ സൂരജ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജനാല തുറന്നിട്ട് പാമ്പ് അതുവഴി അകത്തു കയറിയെന്ന് വരുത്താനും ഇയാൾ ശ്രമിച്ചു. അടുത്ത ദിവസം പുലർച്ചെ അമ്മയാണ് ഉത്രയെ മരിച്ച നിലയിൽ കാണുന്നത്. ഉത്രയുടെ സഹോദരനൊപ്പം സൂരജ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുകയും ചെയ്തു. തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ രക്ഷപ്പെടുമെന്ന് സൂരജ് കരുതിയെങ്കിലും പൊലീസ് പിന്നാലെയുണ്ടായിരുന്നു. സഹോദരിയുടെ സുഹൃത്തിന്റെ വസതിയിൽ ഒളിവു ജീവിതം നയിക്കുമ്പോഴാണ് സൂരജ് പിടിയിലായത്.

Story highlights-suraj denies responsibility of uthra kill infront media

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here