Advertisement

കൊറോണ വൈറസ് വ്യാപനം; സാമൂഹ്യമാധ്യമങ്ങളിൽ തുടർച്ചയായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

May 28, 2020
3 minutes Read
arogyakeralam

കൊറോണ ഭീതിയിലാണ് ലോകമെങ്ങും. വൈറസിനെ ചെറുക്കാൻ നിരവധി മാർ​ഗങ്ങളാണ് രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണും മാസ്ക് ഉപയോ​ഗിക്കലും ശാരീരിക അകലം പാലിക്കലുമെല്ലാം ഇതിന്റെ ഭാ​ഗങ്ങളാണ്. മറ്റു വൈറസുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നതാണ് കൊറോണ വൈറസിനെതിരെ ഇത്രയേറെ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ പ്രധാന കാരണം. കൊറോണ വൈറസിനെ മറ്റ് വൈറസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

കൊറോണ വൈറസിന് മ്യുട്ടേഷന്‍ സംഭവിക്കുമോ?

സംഭവിക്കാം. പക്ഷേ മറ്റു വൈറസുകളെപോലെ ഒരു നിശ്ചിത കാലയളവില്‍ സംഭവിക്കാനുള്ള സാധ്യത കുറവാണ്. സംഭവിച്ചാലും അതിന്‍റെ പ്രധാന ഘടകങ്ങളില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

മറ്റു വൈറസുകളുമായി കൊറോണ വൈറസിനുള്ള വ്യത്യാസമെന്താണ് ?

മറ്റു വൈറസുകള്‍ ഒരു നിശ്ചിത കാലയളവിനുശേഷം മ്യുട്ടേഷന്‍ കാരണമോ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായോ സ്വയം മാറുകയും രോഗവ്യാപന ശേഷി കുറയുകയും ചെയ്യുന്നു. എന്നാല്‍ കൊറോണ വൈറസ് മറ്റു വൈറസുകളെക്കാള്‍ കൂടുതല്‍ അതിജീവന പ്രവണത കാണിക്കുന്നു.

എന്താണ് എയര്‍ബോണ്‍ ഇൻഫെക്ഷന്‍ ?

ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറു കണങ്ങള്‍ (അഞ്ച് മൈക്രോണിനു താഴെ വലിപ്പമുള്ള) വായുവില്‍ തങ്ങിനിന്ന് ആ വായുവില്‍ നിന്നും അസുഖം ഉണ്ടാകുന്നതാണ് എയര്‍ബോണ്‍ ഇന്‍ഫെക്ഷന്‍.

എന്താണ് ഫോമൈറ്റ് ബോണ്‍ ഇന്‍ഫെക്ഷന്‍ ?

തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന ചെറു കണങ്ങള്‍ (അഞ്ച് മൈക്രോണിനു മുകളില്‍ വലിപ്പമുള്ള) ഏതെങ്കിലും ഒരു സ്ഥലത്ത് വീണശേഷം ആ സ്ഥലത്ത് സ്പര്‍ശിക്കുന്നത് വഴി രോഗം പകരുന്ന രീതിയാണ് ഫോമൈറ്റ് ബോണ്‍ ഇന്‍ഫെക്ഷന്‍.

Read More: തുണി മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടോ?

സാധ്യത കുറവാണ്. സാധാരണയായി ഫോമൈറ്റ് ബോണ്‍ രീതിയിലാണ് ( അടുത്ത സമ്പര്‍ക്കം മൂലം) അണുബാധ പകരുന്നതായി കണ്ടുവരുന്നത്.

ലോക്ക്ഡൗൺ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്താണ്?

ഒരാൾ ഒരു ദിവസം ഏകദേശം 15 പേരുമായെങ്കിലും സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോക്ക്ഡൗൺ കൊണ്ട് ഈ സമ്പര്‍ക്കം അഞ്ചിന് താഴെയായി കുറക്കുകയും അതുവഴി രോഗവ്യാപനം പരമാവധി തടയുകയും ചെയ്യുക എന്നതാണ് ലോക്ക് ഡൗണ്‍കൊണ്ട് ലക്‌ഷ്യം വക്കുന്നത്

കൊറോണ വൈറസ് ഏതു തരം വൈറസാണ്‌ ?

RNA വൈറസ്. ഏറ്റവും നീളമുള്ള ജനിതക ഘടനയുള്ള വൈറസാണ് കൊറോണ വൈറസെന്ന് പഠനങ്ങള്‍ പറയുന്നു.

സോപ്പുകൊണ്ടു കൈകഴുകുന്നതിന്‍റെ പ്രയോജനം എന്താണ് ?

വൈറസിന്‍റെ പുറം ഭാഗത്തെ കോര്‍ പ്രോട്ടീന്‍ എണ്ണപോലുള്ള വസ്തുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. എണ്ണ കഴുകിക്കളയുന്നതിനു സോപ്പാണ് ഉത്തമം. അതേ തത്വമാണ് കൊറോണ രോഗവ്യാപനം തടയുന്നതില്‍ കൈകഴുകുന്നതിന്‍റെ പ്രയോജനം.

പ്രായമായവരില്‍ രോഗബാധ കൂടുതലാണെന്ന് പറയുന്നതില്‍ വാസ്തവമുണ്ടോ ?

പ്രായമായവരില്‍ അസുഖം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 35 ശതമാനവും 60 വയസിനു മുകളിലാണ്

എന്താണു റിവേര്‍സ് ക്വാറന്റീൻ ?

രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരെ ക്വാറന്റീൻ ( സമ്പര്‍ക്ക വിലക്ക്) ചെയ്യുന്നതാണ് റിവേര്‍സ് ക്വാറന്റീൻ.

Read More: കൊവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങള്‍, വിദേശത്തു നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാസ്ക് ധരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

ഉറപ്പായും ഉണ്ട്. പക്ഷേ മാസ്ക് ധരിക്കുമ്പോഴും മാറ്റുമ്പോഴും പാലിക്കേണ്ട ശാസ്ത്രീയമായ മാര്‍​ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.

കുട്ടികളില്‍ രോഗബാധ കുറവാണ്‌ എന്നുപറയുന്നത് ശരിയാണോ?

ഇതിനെ കുറിച്ച് പ്രത്യേകിച്ച് പഠന റിപ്പോര്‍ട്ട് ഒന്നുംതന്നെയില്ല. എന്നാല്‍ ശരീര അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തന ക്ഷമതയും രോഗങ്ങളോടുള്ള പ്രതിപ്രവര്‍ത്തനവും കാരണം രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയുന്നുവെന്ന ചിന്ത മാത്രമാണ്‌ ഉള്ളത്.

BCG വാക്സിന്‍ എടുത്തിട്ടുള്ളവരില്‍ അസുഖം വരാനുള്ള സാധ്യത കുറവാണോ ?

BCG വാക്സിന്‍ ഒരു പരിധിവരെ ശ്വാസകോശ രോഗങ്ങളെ ചെറുക്കാന്‍ കഴിയും എന്നുള്ള രീതിയില്‍ പഠനങ്ങള്‍ നടന്നുവരുന്നു.

ഒരാളില്‍നിന്നും മൂന്നുപേര്‍ക്ക് മാത്രമേ അസുഖം കിട്ടൂവെന്നത് ശരിയാണോ ?

പഠനങ്ങള്‍ നോക്കുമ്പോള്‍ ഒരാളില്‍ നിന്നും ഏകദേശം 2.5 മുതല്‍ 3.5 വരെ ആള്‍ക്കാര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതെന്നു കണ്ടിട്ടുള്ളത്.

ഉഷ്ണ മേഖല പ്രദേശങ്ങളില്‍ രോഗവ്യാപനം കുറവാണെന്നു പറയുന്നത് ശരിയാണോ ?

പകര്‍ച്ചവ്യാധികള്‍ ഉഷ്ണ മേഖലയിലും സമശീതോഷ്ണ മേഖലയിലും വരാനുള്ള സാധ്യതയുണ്ട്. സമശീതോഷ്ണ മേഖലയിലാണ് വികസിത രാജ്യങ്ങള്‍ കൂടുതലും സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ യഥാസമയം പരിശോധന നടക്കുകയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും ചെയ്യുന്ന. കൂടാതെ ഈ രാജ്യങ്ങളില്‍ പ്രായധിക്യം ഉള്ളവരുടെ എണ്ണവും കൂടുതലാണ്.ഉദാ. ഇറ്റലി. എന്നാല്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ കൂടുതലും വികസ്വരരാജ്യങ്ങളാണ്. പരിശോധന സംവിധാനങ്ങള്‍ പരിമിതമായ ഇത്തരം രാജ്യങ്ങളില്‍ 60 വയസിനു മുകളിലുള്ളവരുടെ എണ്ണവും കുറവാണ്‌. ഇത്തരമൊരു സാഹചര്യത്തിലാണ് ഉഷ്ണ മേഖല പ്രദേശങ്ങളില്‍ രോഗവ്യാപനം കുറവാണെന്നു പറയുന്നത്.

റിവേഴ്സ് ക്വാറന്റീൻ ആർക്കെല്ലാം ആവശ്യമാണ് ?

വയോജനങ്ങള്‍- 60 വയസിനു മുകളില്‍, രോഗം വന്നാല്‍ സങ്കീര്‍ണതയിലേക്ക് പോകാന്‍ സാധ്യത ഉള്ളവര്‍- NCD, ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, കിടപ്പ് രോഗികള്‍ മുതലായവര്‍ക്ക്.

ലോക്ക്ഡൗണ്‍ എത്രകാലം തുടരേണ്ടിവരും ?

എത്ര സമയത്തിനകം രോഗവ്യാപനം നില്‍ക്കും എന്നതിനെ കുറിച്ച് പറയാന്‍ കഴിയില്ല. ഈ രോഗത്തിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നത്‌ വരെയോ അല്ലെങ്കില്‍ സമൂഹത്തിലെ നല്ലൊരു വിഭാഗത്തിനും രോഗാണുബാധയുണ്ടായി ആര്‍ജിത പ്രതിരോധശേഷി ലഭിക്കുന്നതുവരെയോ തുടര്‍ന്നാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയൂ. എന്നാല്‍ ലോക്ക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാല്‍ വിദ​ഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.

Read More: തുണി മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുവെള്ളം കുടിക്കുന്നതിലൂടെ രോഗം വരുന്നത് തടയാന്‍ കഴിയുമോ?

ഇതിന് യാതൊരുവിധ ശാസ്ത്രീയ വശങ്ങളുമില്ല. ചൂടുവെള്ളം കുടിക്കുന്നതിലൂടെ വ്യക്തിപരമായി തൊണ്ട വേദന ചുമ എന്നിവയ്ക്ക് തത്കാല ആശ്വാസം ലഭിക്കുന്നു എന്നല്ലാതെ രോഗ വ്യാപനം തടയുന്നതിലോ രോഗ പ്രതിരോധത്തിലോ യാതൊരു പങ്കുമില്ല.

തൊണ്ടയില്‍നിന്നുള്ള സ്രവ പരിശോധന ഫലം  എത്ര ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും?

രണ്ടു ദിവസത്തിനകം അറിയാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നാലു ദിവസംവരെ നീളാവുന്നതാണ്

രോഗം സ്ഥിരീകരിച്ച വ്യക്തികളെ എത്രദിവസം കഴിഞ്ഞാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നത് ?

തുടര്‍ച്ചയായ രണ്ട് സ്രവ പരിശോധന ഫലം നെഗറ്റിവ് ആയതിനു ശേഷം രോഗിയുടെ ആരോഗ്യ സ്ഥിതികൂടി വിലയിരുത്തി വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ തീരുമാനപ്രകാരം ഡിസ്ചാര്ജ് ചെയ്യുന്നതാണ്

രോഗി ഉപയോഗിച്ചിരുന്ന മുറി, ബാഗ്, പാത്രങ്ങള്‍ മറ്റു സാധനങ്ങള്‍ തുടങ്ങിയവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാമോ?

ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനിയില്‍ 20 മുതല്‍ 30 മിനിട്ടുവരെ മുക്കിവച്ചു അണുനശീകരണം വരുത്തി കഴുകി പുനരുപയോഗിക്കാവുന്നതാണ്. മുറി, ടോയലറ്റ്, മേശ, കസേര, കട്ടില്‍, ബാഗ് മുതലായവ ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനികൊണ്ട് തുടച്ചു അരമണിക്കൂറിനു ശേഷം ഉപയോഗിക്കാവുന്നതാണ്. ആറ് ടീ സ്പൂണ്‍ (രണ്ട് ടേബിള്‍ സ്പൂണ്‍/30 gm) ബ്ലീച്ചിങ്ങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതിനു ശേഷം ലഭിക്കുന്ന തെളിവെള്ളമാണ് ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി.

രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ ഡിസ്ചാര്‍ജ് സമയത്ത് എന്ത് ചെയ്യണം ?

വസ്ത്രങ്ങള്‍ ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനിയില്‍ 20 മുതല്‍ 30 മിനിട്ട് മുക്കിവച്ചു കഴുകി ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാം.
പുനരുപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ കത്തിച്ചു കളയുന്നതാണ് ഉത്തമം

എത്ര ദിവസത്തെ ഇടവേളകളിലാണ് സ്രവ പരിശോധന നടത്തുന്നത് ?

രോഗം മാറിയോ എന്നറിയാനാണ് സ്രവ പരിശോധന നടത്തുന്നത്. പോസിറ്റിവ് റിസല്‍ട്ട് വന്നു കുറഞ്ഞത്‌ മൂന്ന് ദിവസമെങ്കിലും കഴിഞ്ഞാലെ രണ്ടാമത്തെ സ്രവ പരിശോധന നടത്താറുള്ളൂ. റിസള്‍ട്ട് നെഗറ്റീവായാല്‍ 48 മണിക്കൂര്‍ കഴിഞ്ഞ് ഒരിക്കല്‍ക്കൂടി സ്രവ പരിശോധന നടത്തേണ്ടതാണ്.

ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടിലെത്തിയാല്‍ സമ്പര്‍ക്ക വിലക്കിന്റെ ആവശ്യമുണ്ടോ ?

നിര്‍ബന്ധമായും ഉണ്ട്. അവസാന നെഗറ്റിവ് സ്രവ പരിശോധന ഫലത്തിനു ശേഷമുള്ള 14 ദിവസം അഥവാ രോഗലക്ഷണങ്ങള്‍ തുടങ്ങിയത് മുതല്‍ / ആശുപത്രി അഡ്മിഷന് ശേഷമുള്ള 28 ദിവസം. ഇതില്‍ ഏതാണോ കൂടുതല്‍ അത്രയും ദിവസം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ പോകേണ്ടതാണ്.

ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടുന്നതെങ്ങനെ ?

ആഹാരത്തില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ശരിയായ വിശ്രമവും ഉറക്കവും, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

വാര്‍ഡില്‍ ഒരുമിച്ചു കിടത്തിയാല്‍ ഒരു രോഗിയില്‍ നിന്നും മറ്റൊരു രോഗിയിലേക്ക് വീണ്ടും അണുബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ടോ ?

സാധ്യത കുറവാണ്. നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച രോഗാണുവിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉണ്ടായ ശേഷമാണ് നാം രോഗ വിമുക്തരാകുന്നത്. ഈ അന്റിബോഡി കുറച്ചു കാലം നമ്മുടെ ശരീരത്തില്‍ കാണാറുണ്ട്. ആയതിനാല്‍ രോഗികളെ ഒരുമിച്ചു കിടത്തിയാല്‍ പകരുന്നതിനുള്ള സാധ്യത കുറവാണ്.

രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ ?

പൂര്‍ണമായും ചികിത്സിച്ചു മാറ്റുവാന്‍ സാധിക്കും. എന്നാല്‍ മറ്റു അസുഖങ്ങളുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമാകാറുണ്ട്. നിലവിലെ ചികിത്സ മാര്‍​ഗരേഖ പ്രകാരം വൈറസുകളെ ചെറുക്കാന്‍ ശേഷിയുള്ള ആന്റി വൈറല്‍ മരുന്നുകളും രോഗ ലക്ഷണങ്ങള്‍ക്ക് അനുസൃതമായ മറ്റു മരുന്നുകളുമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

ഡിസ്ചാര്‍ജ് ആയശേഷവും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരേണ്ടതാണ്. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവർത്തകരുമായോ ഹെല്പ് ലൈന്‍ നമ്പരുമായോ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈകൊള്ളുക.

ഒരിക്കല്‍ രോഗം ചികിത്സിച്ചു ഭേദമാക്കിയാല്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ ?

ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിനാല്‍ തന്നെ രോഗം വീണ്ടും വരില്ലെന്നു തീര്‍ത്തും പറയാന്‍ സാധിക്കില്ല.

രോഗികള്‍ ഏതുതരം മാസ്കാണ്‌ ധരിക്കേണ്ടത് ?

ത്രീ ലെയര്‍ മാസ്ക് അഥവാ സര്‍ജിക്കല്‍ മാസ്കാണ്‌ ധരിക്കേണ്ടത്.

Story Highlights: Coronavirus frequently asked questions and answers, arogyakeralam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top