പത്തനംതിട്ട ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹരാഷ്ട്രയിൽ നിന്നെത്തിയ 5 പേർക്കും സൗദി അറേബ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 22 ആയി ഉയർന്നു.
മെയ് 13 ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ കുളനട സ്വദേശിനിയായ 44 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. കഴിഞ്ഞ ദിവസങ്ങളിലായി ഇവരുടെ ഭർത്താവിനും മകനും രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരായത് കൊണ്ട് തന്നെ പരസ്പര സമ്പർക്കത്തിലൂടെ രോഗം പടർന്നിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് . ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിൽ നിന്ന് തന്നെയെത്തിയ ഏറത്ത് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. 20 തീയതി നാട്ടിലെത്തിയത് മുതൽ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ ഇരുവരേയും ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി. 25 വയസുകാരിയായ കോട്ടയം സ്വദേശിനിയായ പെൺകുട്ടി ഈ മാസം 18 നും കൊടുമൺ അങ്ങാടിക്കൽ സ്വദേശിനിയായ 69 കാരി 23 നുമാണ് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്കെത്തിയവരാണ്. ഇവരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു.
സൗദിയിൽ നിന്നെത്തിയ തിരുവല്ല കോയിപ്രം സ്വദേശിയായ 33 വയസുകാരനാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആറമത്തെയാൾ. മെയ് 19 ന് എയർ ഇന്ത്യ വിമാനത്തിൻ നാട്ടിലെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ മൂന്ന് പേർ മറ്റ് ജില്ലകളിലാണ്. കൂടാതെ വിദേശത്ത് നിന്നെത്തിയവരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടെ 3879 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.
Story highlights-covid today confirmed six more in Pathanamthitta district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here