Advertisement

കിഫ്ബി പദ്ധതികളില്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ നിര്‍മിച്ച റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു

May 28, 2020
Google News 2 minutes Read
road

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പദ്ധതികളില്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ നിര്‍മിച്ച റോഡുകളുടെ ഗുണനിലവാര പരിശോധന തുടരുന്നു. മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് അഥവാ ഓട്ടോ ലാബ് വഴിയാണു പരിശോധന നടത്തുന്നത്. അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക, മടത്തുംചാല്‍-മുക്കൂട്ടുതറ റോഡുകളുടെ പരിശോധനയാണു നടത്തിയത്. നാളെ മണ്ണാറകുളഞ്ഞി-കോഴഞ്ചേരി റോഡും ഓട്ടോ ലാബ് സംവിധാനത്തിലൂടെ പരിശോധിക്കും. ഈ സംവിധാനത്തിലൂടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ഇലക്ട്രോ-മെക്കാനിക്കല്‍ എന്നിവയുടെ ഗുണനിലവാരമാണു പരിശോധിക്കുന്നത്.

പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം എത്തിയ കിഫ്ബി ഓട്ടോ ലാബിന്റെ പ്രവര്‍ത്തനം വീണാ ജോര്‍ജ് എംഎല്‍എ നേരിട്ടെത്തി വിലയിരുത്തി. ഓട്ടോലാബില്‍ ആധുനിക എന്‍ഡിടി (നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ്) ഉപകരണങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിനാല്‍ അതാതു പ്രോജക്ടിന്റെ പ്രവര്‍ത്തിമേഖലയില്‍വച്ചുതന്നെ ഗുണനിലവാര പരിശോധനകള്‍ നടത്താനും തുടര്‍ന്നു സാമ്പിള്‍ ശേഖരണവും അവയുടെ ഗുണമേന്മ വിലയിരുത്തുവാനും കൃത്യമായി നിര്‍വഹിക്കുവാനും സാധിക്കും. പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടറുടെയും സാന്നിധ്യത്തിലാണ് സാമ്പിള്‍ എടുക്കുന്നത്.

പൂര്‍ണമായും ജിപിഎസ് സംവിധാനത്തിന്റെ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോലാബിന്റെ സ്ഥിതിവിവരങ്ങളും പ്രവര്‍ത്തനനിലയും കിഫ്ബി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് തത്സമയം ഉദ്യോഗസ്ഥര്‍ക്കു നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിക്കും. ഡ്രോണ്‍ ഉപയോഗിച്ച് നിര്‍വഹിക്കപ്പെടുന്ന ഗുണനിലവാര നിരീക്ഷണ പ്രവര്‍ത്തികളും അതിനോടനുബന്ധിച്ചു നടത്തിവരുന്ന പ്രോജക്ടിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തലും കൃത്യമായി നിര്‍വഹിക്കുവാന്‍ വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഓട്ടോ ലാബില്‍ ലഭ്യമാണ്.

റീബൗണ്ട് ഹാമര്‍, റീബാര്‍ ലൊക്കേറ്റര്‍, ഇലക്ട്രിക്കല്‍ ഡെന്‍സിറ്റി ഗേജ്, അസ്ഫള്‍ട് ഡെന്‍സിറ്റി ഗേജ്, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍, ബിറ്റുമിന്‍ എക്സ്ട്രാക്ഷന്‍ അപ്പാരറ്റസ്, വാട്ടര്‍ ക്വാളിറ്റി അനലൈസര്‍, കോര്‍ കട്ടര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഓട്ടോ ലാബിലുണ്ട്. കോണ്‍ക്രീറ്റ് പ്രതലത്തിന്റെ കാഠിന്യം നിജപ്പെടുത്തുവാനും അതിലൂടെ കോണ്‍ക്രീറ്റിന്റെ കമ്പ്രസീവ് സ്ട്രെങ്ത് കണ്ടെത്തുവാനും റീബൗണ്ട് ഹാമര്‍ ഉപകരിക്കുന്നു. അതേസമയം റീബാര്‍ ലൊക്കേറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റീലിന്റെ സ്ഥിതിയും വ്യാസവും കണ്ടെത്തുന്നു. ഇലക്ട്രിക്കല്‍ ഡെന്‍സിറ്റി ഗേജ് ഉപയോഗിച്ച് മണ്ണിന്റെ കാഠിന്യം, ജലാംശം എന്നിവ അറിയാനാകും. അസ്ഫള്‍ട് ഡെന്‍സിറ്റി ഗേജ് ഉപയോഗിച്ച് ബിറ്റുമിന്റെ സാന്ദ്രത, കാഠിന്യം കണ്ടെത്തുവാന്‍ സാധിക്കും.

Read Also:പത്തനംതിട്ട ജില്ലയില്‍ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി

ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ പ്ലംബിംഗ് ഇലക്ട്രിക്കല്‍ യൂട്ടിലിറ്റീസ്, റോഡിന്റെ വ്യത്യസ്തമായ പാളികളുടെ ആഴം, വ്യാപ്തി, താഴ്ച എന്നിവ കണ്ടെത്തുവാന്‍ സാധിക്കുന്നു. ബിറ്റുമിന്‍ എക്സ്ട്രാക്ഷന്‍ അപ്പാരറ്റസ് ബിറ്റുമിന്റെ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്നു. വാട്ടര്‍ ക്വാളിറ്റി അനലൈസര്‍ മുഖേന നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധന, കോര്‍ കട്ടര്‍ ഉപയോഗിച്ച് റോഡുകളില്‍നിന്ന് കോര്‍ സാമ്പിള്‍സ് ശേഖരിച്ചു വിശദമായ ഗുണനിലവാര പരിശോധനകള്‍ എന്നിവ നടത്താനുമാകും.

പ്രോജക്ട് സൈറ്റില്‍ നിന്നുമുള്ള പ്രവര്‍ത്തികളുടെ ഗുണനിലവാരം കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ക്ക് തത്സമയം വീക്ഷിക്കുന്നതിനായി കിഫ്ബി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. അതിലൂടെ പ്രോജക്ട് സൈറ്റില്‍ നിന്ന് ഓട്ടോലാബ് വഴി പ്രവര്‍ത്തനങ്ങള്‍ തത്സമയം ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയിലൂടെ വിലയിരുത്താനും സാധിക്കും. കിഫ്ബി ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയര്‍മാരായ കെ.ഷാബുകുമാര്‍, എ.അല്‍ അമീന്‍, ലാബ് ടെക്നീഷ്യന്‍ വിഷ്ണു ഭദ്രന്‍ എന്നിവരാണ് ഓട്ടോ ലാബിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Story Highlights – Quality inspection of roads constructed in Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here