തൊളിലാളി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally ramachandran

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍, കുടിയേറ്റത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എഐസിസി നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിച്ച സ്പീക്കപ്പ് ഇന്ത്യാ സോഷ്യല്‍ മീഡിയാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരിയുടെ കെടുതിയില്‍ ഏറ്റവും കൂടുതല്‍ പ്രയാസവും കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നത് ഈ മേഖലയില്‍ ജോലിചെയ്യുന്നവരാണ്. ജോലിയും വരുമാനവും നഷ്ടപ്പെട്ട് കഴിക്കാന്‍ ഭക്ഷണവും കുടിക്കാന്‍ വെള്ളവുമില്ലാതെയും തലചായ്ക്കാന്‍ ഒരിടമില്ലാതെയും സ്വന്തം നാടുകളിലേക്ക് നൂറുക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി കൂട്ടപലായനം ചെയ്യുന്ന തൊഴിലാളികളെയാണ് ലോക്ക്ഡൗണ്‍ കാലയളിവില്‍ നാം കണ്ടത്. ദീര്‍ഘവീക്ഷണമില്ലാതെയും വേണ്ട മുന്‍കരുതലുകള്‍ ഇല്ലാതെയും നടപ്പിലാക്കിയ ലോക്ക്ഡൗണാണിതിന് കാരണം. രോഗവ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സഹായകരമായില്ലെന്നതാണ് ഒരു വസ്തുത. അതിവേഗത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിന് ഉദാഹരമാണ്.

പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണ്. അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അടിയന്തിരമായി 10000രൂപ വീതം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ തയാറാവണം. കേന്ദ്ര സര്‍ക്കാര്‍ 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെയും സംസ്ഥാന സര്‍ക്കാര്‍ 20000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെയും പേരില്‍ ജനങ്ങളെ കബളിപ്പിച്ചു. തിരിച്ചടയ്‌ക്കേണ്ട വായ്പകള്‍ മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബാക്കി മുഴുവന്‍ സ്വകാര്യകുത്തക കോര്‍പറേറ്റുകളെ സഹായിക്കുന്നതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പാക്കേജില്‍ 14000 കോടിയും സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള തുക മാത്രമായിരുന്നു. രണ്ടു സര്‍ക്കാരുകളുടേയും സാമ്പത്തിക പാക്കേജില്‍ സാധാരണക്കാരനെയും തൊഴിലാളികളേയും പൂര്‍ണമായും അവഗണിച്ചു.

Read Also:പെയ്ഡ് ക്വാറന്റീൻ; പ്രവാസികളെ നിർബന്ധിച്ച് പണം വാങ്ങാൻ കേന്ദ്രം നിർദേശിച്ചിട്ടില്ല: വി മുരളീധരൻ

ലോക്ക്ഡൗണ്‍ കാലയളവില്‍ ജോലിനഷ്ടമായി തിരികെയെത്തുന്ന പ്രവാസി സമൂഹം സമ്മാനിക്കുന്നതും തീരവേദനയാണ്. ഭാവി അനിശ്ചിതത്തിലായ പ്രവാസി സമൂഹത്തിന് പ്രത്യാശയുടേയും പ്രതീക്ഷയുടേയും വെളിച്ചം പകരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായില്ല. വിമാനടിക്കറ്റ് ചാര്‍ജിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന ഉത്തരവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും പ്രവാസികളെ കൊള്ളയടിച്ചു. ഇവരെ സഹായിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി.ചാക്കോ, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്‍, കെ.മുരളീധരന്‍, എം.എം.ഹസന്‍ ഉള്‍പ്പെടെ കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, കോണ്‍ഗ്രസ് എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും യൂത്ത്‌കോണ്‍ഗ്രസ്, കെഎസ്യു, മഹിളാകോണ്‍ഗ്രസ്,ഐഎന്‍ടിയുസി തുടങ്ങിയ സംഘടനാ ഭാരവാഹികളും സ്പീക്കപ്പ് ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി. ‌

Story Highlights – Mullappally Ramachandran

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top