Advertisement

രാജ്യത്തെ കൊവിഡ് മരണം 5000 കടന്നു; 24 മണിക്കൂറിനിടെ 8380 പോസിറ്റീവ് കേസുകള്‍, 193 മരണം

May 31, 2020
Google News 1 minute Read
covid 19,  cornavirus , india updates

രാജ്യത്തെ കൊവിഡ് മരണം 5000 കടന്നു. ഇതുവരെ രാജ്യത്ത് 5164 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് മാത്രം കൊവിഡ് കേസുകളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 8380 പോസിറ്റീവ് കേസുകളും 193 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 182143 ആയി. രോഗമുക്തരായവരുടെ എണ്ണം 86000 കടന്നു. കൊവിഡ് പരിശോധനകള്‍ 37 ലക്ഷം കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള 24 മണിക്കൂറിനിടയിലെ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസം ഏഴായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ന് എണ്ണായിരത്തില്‍ അധികമാണ് പുതിയ രോഗികള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ് അറുപത് ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ 86983 പേര്‍ രോഗമുക്തരായി.

രോഗം ഭേദമാകുന്നവരുടെ നിരക്ക് 47.8 ശതമാനമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 1149 രോഗികള്‍ എന്ന റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 13 പേര്‍ കൂടി മരിച്ചു. തമിഴ്‌നാട്ടില്‍ ആകെ കൊവിഡ് കേസുകള്‍ 22,333ഉം മരണം 173ഉം ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1295 കേസുകളും 13 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 19844ഉം മരണം 473ഉം ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 438 പുതിയ കേസുകളും 31 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 16794ഉം മരണം 1038ഉം ആയി.

ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രി സത്പാല്‍ മഹാരാജ് മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും ജീവനക്കാര്‍ക്കും അടക്കം 22 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. രണ്ട് ദിവസം മുന്‍പ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രമിക് ട്രെയിനില്‍ മരിച്ച കുടിയേറ്റ തൊഴിലാളി കൊവിഡ് ബാധിതനായിരുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ 3000 കടന്നു.

 

 

Story Highlights: covid 19,  cornavirus , india updates

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here