അമേരിക്കയിലെ തെരുവുകള്‍ക്ക് തീ പിടിക്കുമ്പോള്‍ ഓര്‍ക്കുന്നുണ്ടോ പതിനാലാം വയസില്‍ വധശിക്ഷയ്ക്കു വിധേയനായ നിരപരാധിയായ ബാലനെ ?

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തുടര്‍കഥ മാത്രമാണ് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം. അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുബോള് അമേരിക്കന്‍ പൊലീസും നീതിന്യായ സംവിധാനവും വൈദ്യുതക്കസേരയില്‍ വധശിക്ഷ നടപ്പാക്കിയ ജോര്‍ജ് സ്റ്റിന്നി ജൂനിയറിന്റെ ചരിത്രവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ജോര്‍ജ് സ്റ്റിന്നി ജൂനിയര്‍. കറുത്തവര്‍ഗക്കാരനായത് കൊണ്ട് മാത്രം നീതി നിഷേധിക്കപ്പെട്ട ബാലനായിരുന്നു ജോര്‍ജ് സ്റ്റിന്നി.
വൈദ്യുതക്കസേരയില്‍ ഇരുത്തി വധശിക്ഷ നടപ്പാക്കിയപ്പോള്‍ ജോര്‍ജ് സ്റ്റിന്നിയുടെ പ്രായം 14 വയസ് മാത്രമായിരുന്നു. വിചാരണ വേളയിലും വധശിക്ഷ നടപ്പാക്കിയ ദിവസവും നിരപരാധിയാണെന്ന് അവകാശപ്പെട്ട് ജോര്‍ജ് സ്റ്റിന്നി ഒരു ബൈബിള്‍ കയ്യില്‍ എടുത്തിരുന്നു. ബെറ്റി, മേരി എന്നി രണ്ട് വെള്ളക്കാരായ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കുറ്റമായിരുന്നു ജോര്‍ജ് സ്റ്റിന്നിക്കെതിരായി ചുമത്തപ്പെട്ടത്.
സൗത്ത് കരോലിനയിലെ ക്ലാരെണ്ടന്‍ കൗണ്ടിയിലുള്ള ആള്ക്കോളു എന്ന പട്ടണത്തിലാണ് ജോര്‍ജ് സ്റ്റിന്നി ജൂനിയറും കുടുംബവും താമസിച്ചിരുന്നത്. ആള്ക്കോളുവില് അന്ന് കറുത്തവര്‍ഗക്കാര്‍ താമസിച്ചിരുന്ന പ്രദേശത്ത് വെളുത്തവര്‍ഗക്കാര്‍ പ്രവേശിക്കുന്നത് പോലും വിരളമായിരുന്നു. 1944 മാര്‍ച്ച് 24 നു വൈകുന്നേരം ആള്ക്കോളുവില് സ്കൂള്‍ കഴിഞ്ഞ് സൈക്കിളില്‍ ബെറ്റി ജൂണ്‍ ബിന്നിക്കര്‍ എന്ന പതിനൊന്നുകാരിയും മേരി എമ്മാ തെംസ് എന്ന ഏഴുവയസുകാരിയും കൂടി അവരവരുടെ വീടുകളിലേക്ക് മടങ്ങി. മേയ്പോപ്സ് പൂക്കളും മധുരമുള്ള അവയുടെ പഴങ്ങളും പറിച്ചെടുക്കാനായി ബെറ്റിയും എമ്മയും കറുത്തവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന പ്രദേശത്തേക്ക് പോയി. ഇരുവരും കൂടി സൈക്കിളില്‍ വന്നപ്പോള്‍ ഒരു വീടിന്റെ മുന്നില്‍ നില്ക്കുന്ന ഒരു കറുത്തവര്‍ഗക്കാരനായ ആണ്‍കുട്ടിയും ഒരു ചെറിയ പെണ്‍കുട്ടിയേയും കണ്ടു. ജോര്‍ജ് സ്റ്റിന്നി ജൂനിയര്‍ എന്ന പതിനാലുവയസുകാരനും അവന്റെ ഇളയ സഹോദരിയായ എയ്മിയുമായിരുന്നു അത്. ബെറ്റിയും എമ്മയും ജോര്‍ജിനോടും എയ്മിയോടും മേയ്പോപ്സ് പൂക്കള്‍ എവിടെയാണ് എന്ന് ചോദിച്ചു. എന്നാല്‍ തങ്ങള്‍ക്കറിയില്ല എന്നു സ്റ്റിന്നി പറയുകയും പെണ്‍കുട്ടികള്‍ ഇരുവരും മുന്നോട്ടു പോവുകയും ചെയ്തു. ഈ സമയം തടി കയറ്റിയ ഒരു വലിയ ട്രക്കു അവരെക്കടന്നു പോകുകയും ചെയ്തു.
സ്കൂള്‍ കഴിഞ്ഞ് തങ്ങളുടെ മക്കള്‍ വീട്ടിലെത്താതിരുന്നപ്പോള്‍ ബെറ്റിയുടെയും എമ്മയുടേയും രക്ഷിതാക്കള്‍ അവരെത്തിരക്കിയിറങ്ങി. പിറ്റേന്നു നേരം വെളുത്തപ്പോള്‍ വെള്ളം നിറഞ്ഞുകിടന്ന ഒരു ചാലില്‍നിന്നു ഇരുവരുടേയും ശവശരീരങ്ങള്‍ കണ്ടെടുത്തു. രണ്ടു പെണ്‍കുട്ടികളുടേയും തല തകര്‍ന്ന നിലയിലായിരുന്നു. കുട്ടികള്‍ ശാരീരികാതിക്രമങ്ങള്‍ക്ക് ഇരയാവുകയും തലയില്‍ ചെറിയ ചുറ്റികയോ ഉരുണ്ട മറ്റെന്തോ ഭാരമുള്ള വസ്തുകൊണ്ടോ നിരവധിതവണ അടിയേല്‍ക്കുകയും ചെയ്തിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞത്.
വെളുത്തവര്‍ഗക്കാരായ പെണ്‍കുട്ടികളുടെ കൊലപാതകം ആള്ക്കോളൂ പട്ടണത്തെ കാലപഭീതിയിലാഴ്ത്തി. പെണ്‍കുട്ടികളെ അവസാനമായി കണ്ടതും സംസാരിച്ചതുമായ ആളെന്ന നിലയില്‍ ജോര്‍ജ് സ്റ്റിന്നി ജൂനിയറിനെ പൊലീസ് ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്റ്റിന്നിയുടെ പിതാവിനെ അന്ന് തന്നെ തടിമില്ലിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. രോഷാകുലരായ ആള്ക്കോളുവിലെ വെള്ളക്കാര്‍ സ്റ്റിന്നിയുടെ മാതാപിതാക്കളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ആ കുടുംബം പട്ടണത്തില്‍ നിന്നും ഒളിച്ചോടി. സ്റ്റിന്നിയെ പൊലീസ് ഇരുട്ടറയിലടച്ച് ചോദ്യം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. സ്റ്റിന്നിയെ അറസ്റ്റു ചെയ്തു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ക്ലാരെണ്ടണിലെ ഡപ്യൂട്ടി ഷെരീഫായിരുന്ന എച്ച് എസ് ന്യൂമാന്‍ സ്റ്റിന്നി കുറ്റം സമ്മതിച്ചു എന്ന് മാധ്യമങ്ങളെ അറിയിച്ചു.പെണ്‍കുട്ടിയോട് സ്റ്റിന്നി ലൈംഗികാതിക്രമത്തിന് മുതിര്‍ന്നുവെന്നും അവര്‍ അതിനെ എതിര്‍ക്കുകയും തങ്ങളുടെ രക്ഷിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതുകൊണ്ട് സ്റ്റിന്നി അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
സ്റ്റിന്നിയുടെ അറസ്റ്റുകഴിഞ്ഞ് ഏകദേശം ഒരുമാസത്തിന് ശേഷം ക്ലാരെണ്ടന്‍ വെള്ളക്കാര്‍ മാത്രമുള്ള ജൂറിയായുളള കോടതിമുറിയില്‍ സ്റ്റിന്നിയുടെ വിചാരണ ആരംഭിച്ചു. അറസ്റ്റിന് ശേഷമോ വിചാരണ കാലയളവിലോ ഒരിക്കല്‍പ്പോലും അവന് മാതാപിതാക്കളെക്കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. കോടതിയില്‍ സ്റ്റിന്നിയ്ക്കെതിരേ രേഖാമൂലമുള്ള ഒരു തെളിവും പൊലീസിന്റെ പകലുണ്ടായിരുന്നില്ല. സ്റ്റിന്നി കുറ്റസമ്മതം നടത്തിയെന്ന പൊലീസിന്റെ മൊഴി മാത്രം ആധാരമാക്കിയായിരുന്നു വിചാരണ. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന വിചാരണയ്ക്കുശേഷം വെറും പത്തുമിനിട്ടു കഴിഞ്ഞ് വെള്ളക്കാരായ ജൂറി സ്റ്റിന്നി കുറ്റക്കാരനാണെന്നു വിധിയെഴുതി. വൈദ്യുതക്കസേരയിലിരുത്തി വധശിക്ഷനടപ്പിലാക്കാനായിരുന്നു വിധി.
1944 ജൂണ്‍ 16 നു സ്റ്റിന്നിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചു. സ്റ്റിന്നിയെ വൈദ്യുതക്കസേരയില്‍ ബന്ധിച്ചു. സ്റ്റിന്നി ചെറിയ കുട്ടിയായിരുന്നതിനാല്‍ വൈദ്യുതക്കസേരയില്‍ അവനെ ശരിയായ രീതിയില്‍ ബന്ധിക്കാനായിരുന്നില്ല. വധശിക്ഷ നടപ്പിലാക്കുന്ന വേളയിലും ആ ബാലന് ബൈബിള്‍ കൈകളില്‍ മുറുക്കെപ്പിടിച്ചിരുന്നു. 14 വയസ് മാത്രം പ്രായമുള്ള ആ ബലന്റെ ശരീരത്തിലൂടെ 2400 വോള്‍ട്ട് കറന്റ് അവന്റെ ശരീരത്തിലേയ്ക്കു കടത്തിവിടുകയും അതികഠിനമായ വേദനയനുഭവിച്ച് നാലു മിനിട്ടുകള്‍ക്കുശേഷം 7.30 നു ആ ബാലന് കൊല്ലപ്പെടുകയും ചെയ്തു.
സ്റ്റിന്നിയുടെ വധശിക്ഷ നടത്തി കൃത്യം എഴുപതുവര്‍ഷങ്ങള്‍ക്കുശേഷം കേസ് റീ ഓപ്പണ്‍ ചെയ്യപ്പെടുകയും അതിന്മേല് തുടര്‍അന്വേഷണം ആരംഭിക്കുകയും ചെയ്തു. പുനര്വിചാരണയില് സ്റ്റിന്നിയ്ക്ക് യാതൊരുവിധ നിയമപരിരക്ഷയും ലഭിച്ചിരുന്നില്ലെന്നും പൊലീസ് മര്‍ദനത്തിലൂടെ കുറ്റം അവനില്‍ അടിച്ചേല്പ്പിക്കപ്പെട്ടതായിരുന്നുവെന്നും കണ്ടെത്തി. വെറും പതിനാലുവയസു മാത്രമുള്ള ഒരു ബാലനെ വൈദ്യുതക്കസേരയിലിരുത്തി വധശിക്ഷയ്ക്കു വിധേയനാക്കുകയെന്നത് പൈശാചികവും ക്രൂരവുമായ ഒരു കൃത്യമാണെന്നായിരുന്നു 2014 ഡിസംബര്‍ 17 നു നടന്ന വിചാരണയ്ക്കൊടുവില് ജഡ്ജായിരുന്ന കാര്‍മെന്‍ മുള്ളന്‍ പറഞ്ഞത്. സ്റ്റിന്നി കുറ്റക്കാരനായിരുന്നില്ലെന്ന് വിധിച്ച കോടതി 1944 ലെ വിധി തിരുത്തുകയും ചെയ്തു. വര്‍ണവെറിയാല്‍ കണ്ണുമൂടപ്പെട്ട നിയമത്തിന്റെ ഇരയായിത്തീര്‍ന്ന നിരപരാധിയായ ഒരു ബാലന് നീതി ലഭിക്കാന്‍ പിന്നെയും ഏഴുദശകങ്ങള് പിന്നിടേണ്ടി വന്നു.
Story Highlights: George Stinney Jr youngest person sentenced to deathin us
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here