മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

സോഫ്റ്റ്‌വെയർ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് കരാർ മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നു. എംഎസ്എൻ വെബ്‌സൈറ്റിന് വേണ്ടിയാണ് യാന്ത്രിക സംവിധാനം ഉപയോഗിക്കുന്നത്. മാധ്യമ പ്രവർത്തകരാണ് വെബ്‌സൈറ്റിന് വേണ്ടി സ്റ്റോറികൾ, തലക്കെട്ട്, ചിത്രം എന്നിവ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. 50 ഓളം കരാർ ജീവനക്കാർക്ക് ഇതോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. സ്ഥിരം ജോലിക്കാരായ മാധ്യമ പ്രവർത്തകർ തുടരുമെന്നുമാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിസിനസ് വിലയിരുത്തലിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മെെക്രോസോഫ്റ്റ് അധികൃതർ പറയുന്നു. ഇനി മുതൽ കൃത്രിമബുദ്ധി സ്റ്റോറി തെരഞ്ഞെടുക്കുക, തലക്കെട്ട് നൽകുക, ചിത്രം തെരഞ്ഞെടുക്കുക എന്നീ വാർത്ത നിർമാണ ചുമതലകൾ നിർവഹിക്കുമെന്നാണ് വിവരം. എല്ലാ കമ്പനികളെപ്പോലെയും മൈക്രോസോഫ്റ്റ് നടത്തിയ പതിവ് മൂല്യ നിർണയത്തിലാണ് ഈ തീരുമാനം. പതിവ് മൂല്യനിർണയത്തിലാണ് നിക്ഷേപം കൂട്ടാനും മറ്റുള്ള കാര്യങ്ങളിലെ പുനർവിന്യാസത്തിനുമുള്ള നിർദേശങ്ങൾ ഉണ്ടാകുക. കൊവിഡ് മഹാമാരി മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും കമ്പനി.
Story highlights-microsoft decision use robots instead journalists