ലോക്ക്ഡൗൺ ഇളവ്; തീയറ്റർ തുറക്കാൻ സാധ്യത ഏറിയതോടെ അണിയറയിൽ ചിത്രങ്ങൾ ഒരുങ്ങുന്നു

ലോക്ക് ഡൗൺ ഇളവുകൾ പൂർത്തിയാകുന്നതോടെ തീയറ്ററുകൾ തുറക്കാനാകുമെന്ന സൂചന ലഭിച്ചതോടെ മലയാള സിനിമയിൽ അണിയറ പ്രവർത്തനങ്ങൾ ഊർജിതമായി. ഒരു ഡസനിലേറെ ചിത്രങ്ങളാണ് അവധിക്കാല റിലീസിനായി കരുതിവച്ചിരുന്നത്. ലോക്ക് ഡൗൺ നീണ്ടതോടെ മാറ്റിവച്ച ഈ ചിത്രങ്ങൾ തീയറ്റർ റിലീസിന് തന്നെയാണ് ഒരുങ്ങുന്നത്.
അമിത് ചക്കാലക്കൽ നായകനാകുന്ന യുവത്തിന്റെ ആദ്യടീസർ പുറത്തിറങ്ങിയത് കൊറോണയ്ക്ക് സിനിമയെ തോൽപിക്കാനാകില്ല എന്ന പഞ്ച് ഡയലോഗോടെയാണ്. വിജീഷ് മണി ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമ നമോയുടെ ഗാനവും ഇതേ പശ്ചാത്തലത്തിലാണ് റിലീസ് ചെയ്തത്.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറയാണ് യുവം നിർമിക്കുന്നത്.
അമിത് ചക്കാലക്കലിന് പുറമേ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഗോപീസുന്ദർ. സജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.
ഗിന്നസ് ജേതാവ് വിജീഷ് മണി സംവിധാനം ചെയ്യുന്ന നമോ കൃഷ്ണകുചേലകഥയാണ് അവതരിപ്പിക്കപ്പെടുന്നത്. ഒരു മാതൃകാ പ്രജയും മാതൃകാ രാജാവും തമ്മിലുള്ള അസാധാന ബന്ധം സൃഷ്ടിക്കുന്ന ജീവിത മുഹൂർത്തങ്ങളും വൈകാരികാനുഭൂതികളും ആവിഷ്‌കരിക്കപ്പെടുന്ന നമോ: എന്ന സിനിമയ്ക്ക് വേണ്ടി ജയറാം ശരീരഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തല മുണ്ഡചെയ്യുകയും ചെയ്തു. കുചേലനായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. പ്രശസ്ത ഭജൻ സംഗീതജ്ഞനായ പത്മശ്രീ അനൂപ് ജലോട്ട ഈണം നൽകി ആലപിച്ച സംസ്‌കൃത ഗാനം മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഇന്ന് പുറത്തുവിട്ടു.
നിർമാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. തിരക്കഥ യു പ്രസന്നകുമാർ, ക്യാമറ എസ് ലോകനാഥൻ.ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here