മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേക്ക്

Maharashtra covid positive 67655

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേക്ക്. പുതുതായി 2487 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 89 പേർ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. അതീവ ഗുരുതരമായി തുടരുന്ന മുംബൈയിൽ പുതുതായി 1244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിൽ നിന്നുള്ള കൂടുതൽ മെഡിക്കൽ സംഘം ഇന്ന് മുംബൈയിൽ എത്തും

ബിഎംസി.ക്ക് കീഴിലുള്ള അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലാണ് കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘം പ്രവർത്തിക്കുക. കേരളത്തിൽ നിന്ന് 16 ഡോക്ടർമാർ കൂടി ഇന്ന് മുംബൈയിൽ എത്തും. വരുംദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുംബൈയിൽ ഉണ്ടാകും. നിലവിൽ പ്രതിസന്ധിയിലൂടെയാണ് മുംബൈ കടന്നുപോകുന്നതെന്ന് മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാർ ട്വൻ്റി ഫോറിനോട് പറഞ്ഞു.

Read Also: ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ

67,655 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ഉള്ളത്. മരണസംഖ്യ 2,286 ആയി. മുംബൈയിൽ 39,686 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. താനെയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. പൂനെ, റായ്ഗഡ് ,ഔറംഗബാദ്, നാസിക് എന്നിവിടങ്ങളിൽ സ്ഥിതി വഷളാണ്. സംസ്ഥാനത്ത് നിലവിൽ 3,169 കണ്ടെയ്ൻമെൻ്റ് സോണുകളാണ് ഉള്ളത്. ജൂൺ 30 വരെ കർശന നിയന്ത്രണങ്ങൾ ഈ മേഖലകളിൽ ഉണ്ടാകും. അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ ഭാഗികമായ സംസ്ഥാനത്ത് ഇളവുകളാണ് അനുവദിച്ചത്.

അതേ സമയം, രാജ്യത്ത് തുടർച്ചയായി രണ്ടാം ദിനവും കൊവിഡ് കേസുകൾ 8000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റദിവസത്തെ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 8392 പോസിറ്റീവ് കേസുകളും 230 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 190535 ആയി. 5394 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 93322 പേരാണ് ചികിത്സയിലുള്ളത്. 91818 പേർ രോഗമുക്തി നേടി.

Story Highlights: Maharashtra covid positive 67655

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top