മഴക്കാല മുന്നൊരുക്കം; ചെറുതോണി അണക്കെട്ടിലെ അപായമുന്നറിയിപ്പ് സൈറൺ ട്രയൽ റൺ നടത്തി

മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിൽ പുതുതായി സ്ഥാപിച്ച അപായമുന്നറിയിപ്പ് സൈറൺ ട്രയൽ റൺ നടത്തി. പുതിയതായി മാറ്റി സ്ഥാപിച്ച സൈറൺ ആണ് ട്രയൽ റൺ നടത്തിയത്. നാളെയും ട്രയൽ റൺ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകാനാവുന്ന സൈറണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. 2018ൽ ഇടുക്കി ഡാം തുറക്കുന്നതിനു മുന്നോടിയായി സൈറൺ മുഴക്കിയപ്പോൾ ഡാമിന് ഒന്നരകിലോമീറ്റർ അപ്പുറമുള്ള ചെറുതോണി ടൗണിൽ പോലും ശബ്ദം കേട്ടില്ല എന്ന് ആഷേപം ഉയർന്നതോടെയാണ് പുതിയ സൈറൺ സ്ഥാപിച്ചുള്ള പരീക്ഷണം.
2338 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഇപ്പോഴുള്ളത്. ജലനിരപ്പ് 2373 അടിയിൽ എത്തിയാൽ മാത്രമെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാവൂ. ഇതിനാൽ ഈ ഘട്ടത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെ.എസ്ഇബിയും ജില്ലാ ഭരണകൂടവും അറിയിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയിൽ സർക്കാരിനും കെഎസ്ഇബിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് ഈ മാസം ആറിന് ഹൈക്കോടതി പരിഗണിക്കും.
അംഫാൻ ചുഴലിക്കാറ്റിൻറെയും അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദത്തിൻറെയും പശ്ചാത്തലത്തിൽ വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തത്.
Story Highlights- Cheruthoni dam siren trial run
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here