Advertisement

ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

June 2, 2020
Google News 2 minutes Read

ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിൽ കേന്ദ്ര സർക്കാരിനെതിരേ കടുത്ത വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യാതൊരു കാരണവും വ്യക്തമാക്കാതെ പദ്ധതി ഉപേക്ഷിച്ചതിലൂടെ തികഞ്ഞ ഗുരുനിന്ദയാണ് കേന്ദ്ര സർക്കാർ കാട്ടിയതെന്നാണ് കടകംപള്ളിയുടെ വിമർശനം.

ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിന് കാരണം കേന്ദ്ര സർക്കാർ സ്ഥാപനമായ ഐടിഡിസിയുടെ വീഴ്ചയാണെന്നും ഇക്കാര്യം തുറന്നു സമ്മതിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആർജവം കാണിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാൻ കാരണം പണം ചെലവഴിക്കാത്തതാണെന്ന് പറയുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത് സംസ്ഥാന സർക്കാർ അല്ലെന്നും കേന്ദ്ര സ്ഥാപനമായ ഐടിഡിസിയാണെന്നും സംസ്ഥാന ടൂറിസം മന്ത്രി ആരോപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ പൊളിഞ്ഞതിന് ശ്രീനാരായണീയരോട് വിരോധം തീർക്കുന്നതിനാണ് ഗുരുവിന്റെ പേരിലുള്ള പദ്ധതി ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാകില്ലെന്നും കടകംപള്ളി പരിഹസിച്ചു.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വഴി നടപ്പാക്കേണ്ട പദ്ധതി മാനദണ്ഡങ്ങൾ മറികടന്ന് ഐടിഡിസിയെ ഏൽപ്പിക്കുകയായിരുന്നു. അതിൽ ദുരൂഹതയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ. സംസ്ഥാന ടൂറിസം വകുപ്പിന് ഈ പദ്ധതി നിർവഹണത്തിൽ ഒരു പങ്കാളിത്തവുമില്ലെന്ന് വ്യക്തമായിട്ടും രാഷ്ട്രീയ പ്രചാരണത്തിനായി വി മുരളീധരനും കെ സുരേന്ദ്രനും പച്ചക്കളം പറയുകയാണ്; കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മറ്റ് കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച്ച വരുത്തിയെന്ന ആരോപണവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും 133 ആരാധാനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 85.22 കോടി രൂപയുടെ പദ്ധതിയാണ് ശ്രീനാരായണ സർക്യൂട്ടിനൊപ്പം കേന്ദ്രസർക്കാർ ഉപേക്ഷിച്ചിരിക്കുന്നതെന്നും കടകംപള്ളി കുറ്റപ്പെടുത്തി. ഈ പദ്ധതിക്കായി ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് കൈമാറിയിട്ടില്ലെന്നും പദ്ധതി ഉപേക്ഷിച്ചതിലൂടെ കേന്ദ്രം ആരാധനാലയങ്ങളെ വഞ്ചിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ടെൻഡർ നടപടി പൂർത്തികരിച്ച് കരാറിൽ ഏർപ്പെട്ട ശേഷമാണ് കേന്ദ്രസർക്കാർ പിന്മാറുന്നത്. ഈ തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. അതിനായി കേന്ദ്രമന്ത്രി വി മുരളീധരൻ സമ്മർദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Story highlight: Kadakampally Surendran criticizes central government for abandoning pilgrimage circuit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here