കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കും

konni Medical College will accelerate construction work

കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍
കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എംഎല്‍എ വിലയിരുത്തി. എല്ലാ പത്തു ദിവസം ചേരുമ്പോഴും എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്തും. മെഡിക്കല്‍ കോളജിന്റെ എല്ലാ ഉപകരാറുകാരുടെയും പങ്കാളിത്തത്തോടെയാണ് യോഗം ചേര്‍ന്നത്.

മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ 10 വാര്‍ഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വാര്‍ഡിലും 30 രോഗികള്‍ക്ക് കിടക്കാനാകും. ഓരോ വാര്‍ഡിലും ലാബ്, നഴ്സിംഗ് സ്റ്റേഷന്‍, ഡോക്ടറുടെ മുറി തുടങ്ങിയ സൗകര്യവും പൂര്‍ത്തിയായി. എല്ലാ രോഗികള്‍ക്കും നഴ്സിംഗ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ ബെല്‍ സിസ്റ്റവും തയാറായി. രോഗികളുടെ ബന്ധുക്കള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്തിന്റെ പണിയും പൂര്‍ത്തിയായി. ക്ലാസ് റൂമുകളുടെ പണികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 280 ടോയ്ലറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ആകെയുള്ള 10 ലിഫ്റ്റില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാകേണ്ടത് നാല് എണ്ണമാണ്. അതില്‍ രണ്ട് എണ്ണം പൂര്‍ത്തിയായി. രണ്ട് എണ്ണം 10 ദിവസത്തിനകം പണി പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. 750 കെവിയുടെ രണ്ടു ജനറേറ്ററിന്റെയും,1600 കെവിയുടെ രണ്ടു ട്രാന്‍സ്ഫോര്‍മറിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്. അത് ഈ മാസം തന്നെ കമ്മീഷന്‍ ചെയ്യണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. പമ്പ് സെറ്റിന്റെ ഇന്‍സ്പെക്ഷനായി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പോകേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ അതിന് തടസമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവു ലഭിച്ചാല്‍ ഉടന്‍ ഇന്‍സ്പെക്ഷന്‍ നടത്തണമെന്ന് യോഗം തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റി ഇലക്ട്രിസിറ്റി കണക്ഷന്‍ ലഭിക്കുന്നതിനായി പണം അടച്ചിട്ടുണ്ട്. ഇത് ഉടന്‍ ലഭ്യമാക്കാന്‍ എംഎല്‍എ ഇലക്ട്രിസിറ്റി ബോര്‍ഡിന് നിര്‍ദേശം നല്‍കി.

330 കോടിയുടെ രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള അനുമതിക്കായി അടുത്ത കിഫ്ബി ബോര്‍ഡിലേക്ക് ഫയല്‍ എത്തിയിട്ടുണ്ടെന്ന് എംഎല്‍എ യോഗത്തെ അറിയിച്ചു. പരിസ്ഥിതി അനുമതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെയും, ആരോഗ്യ മന്ത്രിയുടെയും നിര്‍ദേശാനുസരണം നടന്നു വരുന്നു. ഈ മാസം അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎല്‍എ അറിയിച്ചു. പൂര്‍ത്തിയാകാനുള്ള ഇലക്ട്രിക്കല്‍ വര്‍ക്ക്, കെട്ടിടത്തിനുള്ളിലെ പെയിന്റിംഗ്, കൈവരി നിര്‍മാണം തുടങ്ങിയവ ജൂണ്‍ 30 ന് അകം പൂര്‍ത്തീകരിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ക്ലീനിംഗ്, പോളിഷിംഗ് വര്‍ക്കുകള്‍ ജൂലൈ 10ന് അകം പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. ജൂലൈ മാസത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കും. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ ഓഗസ്റ്റ് ആദ്യം ഒപി പ്രവര്‍ത്തനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

 

Story Highlights: konni Medical College will accelerate construction work

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top