ഉത്രയുടെ സ്വർണം പറമ്പിൽ കുഴിച്ചിട്ടത് സൂരജിന്റെ അച്ഛൻ; സഹോദരിയെയും അമ്മയേയും ചോദ്യംചെയ്യാൻ വിളിപ്പിച്ചു

ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അച്ഛനെ ചോദ്യം ചെയ്യും. സഹോദരിയെയും അമ്മയേയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ 10 മണിക്ക് ഇരുവരോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഉത്രയുടെ സ്വർണം സൂരജ് അച്ഛനെ ഏൽപ്പിച്ചിരുന്നു. സ്വർണം പറമ്പിൽ കുഴിച്ചിട്ടത് സൂരജിന്റെ അച്ഛനാണ്. ഇന്നലെ കണ്ടെടുത്തത് 38 പവൻ സ്വർണമാണ്. ബാക്കി സ്വർണം എവിടെയെന്ന് അന്വേഷിക്കും. ലോക്കറിൽ ഉണ്ടോ എന്നറിയാൻ ഇന്ന് അടൂരിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് പോകും.
അതേസമയം, സൂരജിന്റെ അച്ഛനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചതിരിഞ്ഞാവും കോടതിയിലേക്ക് കൊണ്ടുപോവുക. ഒരാഴ്ച കസ്റ്റഡിയിൽ ആവശ്യപ്പെടും.
ഇന്നലെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തിൽ സൂരജ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വർണാഭരണങ്ങൾ കണ്ടെടുത്തതും. ഇന്നലെ രാവിലെ മുതൽ സൂരജിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്.
Story Highlights- uthra murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here