പരിശീലനം ആരംഭിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം; കൊറോണാനന്തര ക്രിക്കറ്റിന് കളമൊരുങ്ങുന്നു

CRICKET

കൊറോണാനന്തര ക്രിക്കറ്റിന് കളമൊരുങ്ങുന്നു. അതിന്റെ ആദ്യ പടിയെന്നോണം ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ അറിയിച്ചു‌. ഉടൻ രാജ്യാന്തര മത്സരങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

13 അംഗ ടീമാണ് പരിശീലനം നടത്തുന്നത്. 12 ദിവസത്തെ പരിശീലനം ഉണ്ടാവൂ. ഇക്കാലയളവിൽ തങ്ങൾ താമസിക്കുന്ന കൊളംബോയിലെ ഹോട്ടലോ പരിശീലന മൈതാനമോ വിട്ട് പുറത്തു പോകാൻ താരങ്ങൾക്ക് അനുവാദമില്ല. കൂടുതലും ബൗളർമാരാണ് സംഘത്തിൽ ഉള്ളത്. ഇന്ന് ഫിറ്റ്നസ് ഡ്രിൽ പരിശീലനമാണ് ഉള്ളത്. നാളെ മുതൽ ഗ്രൗണ്ട് പരിശീലനം ആരംഭിക്കും.

സുരംഗ ലക്മൽ, കാസുൻ രജിത, ലഹിരു കുമാര, വിശ്വ ഫെർണാണ്ടോ, ഇസിരു ഉഡാന, നുവാൻ പ്രദീപ്, ദാസുൻ ഷനക തുടങ്ങിയ താരങ്ങളൊക്കെ സംഘത്തിൽ ഉണ്ട്.

കൊറോണക്കാലത്തിനു ശേഷം സാവധാനം ക്രിക്കറ്റ് തിരികെ എത്തുകയാണ്. ക്ലബ് ക്രിക്കറ്റ് ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ഡാർവിൻ ആൻഡ് ഡിസ്ട്രിക്റ്റ് ടി-20 ടൂർണമെൻ്റാണ് ജൂൺ 6നു തുടങ്ങുക. ഇതിനു പിന്നാലെ സെപ്തംബർ 19 വരെ നീളുന്ന ഏകദിന ടൂർണമെൻ്റും നടക്കും.

Story Highlights: Srilanka cricket training starts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top