കോട്ടയം ജില്ലയിൽ നിന്ന് ഇതുവരെ സ്വദേശത്തേക്ക് തിരിച്ചുപോയത് 9937 ഇതര സംസ്ഥാന തൊഴിലാളികൾ

migrant workers

കോട്ടയം ജില്ലയില്‍നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. ഹൗറ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനില്‍ ജില്ലയിൽ നിന്നുള്ള 1320 തൊഴിലാളികളാണുണ്ടായിരുന്നത്. തിങ്കളാഴ്ച്ച രാത്രി ബീഹാറിലേക്ക് 1153 പേര്‍ മടങ്ങി. ഇതോടെ ജില്ലയില്‍നിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ തൊഴിലാളികളുടെ എണ്ണം 9937 ആയി.

ചങ്ങനാശേരി -350, മീനച്ചില്‍- 345, കോട്ടയം-300, കാഞ്ഞിരപ്പള്ളി – 205, വൈക്കം- 120 എന്നിങ്ങനെയാണ് ഇന്നലെ പശ്ചിമബംഗാളിലേക്ക് പോയവരുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇടുക്കിയില്‍ നിന്നുള്ള 144 പേരും ഇതേ ട്രെയിനിലുണ്ടായിരുന്നു.

ചങ്ങനാശ്ശേരി-541, കോട്ടയം-342, മീനച്ചില്‍ -134, വൈക്കം-69, കാഞ്ഞിരപ്പള്ളി- 67 എന്നിങ്ങനെയാണ് തിങ്കളാഴ്ച്ച ബീഹാറിലേക്ക് പോയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.

നേരത്തെ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികള്‍ക്ക് മടക്കയാത്രയ്ക്ക് സൗകര്യമേര്‍പ്പെടുത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്കായി അസിസ്റ്റന്‍റ് ലേബര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also:കോട്ടയം ജില്ലാ കളക്ടറായി എം. അഞ്ജന ചുമതലയേറ്റു

വിവിധ കേന്ദ്രങ്ങളില്‍നിന്നും പൊലീസ് സംരക്ഷണയില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. ഇതിനു പുറമെ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ ഇവിടെനിന്ന് തൊഴിലാളികളെ എത്തിച്ച് നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്.

 

Story Highlights – 9937 other-State workers returned from Kottayam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top