മൊഴികൾ തമ്മിൽ വൈരുദ്ധ്യം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

അഞ്ചൽ ഉത്രാ വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സ്വർണാഭരണങ്ങൾ കുഴിച്ചിട്ട സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി ഭാര്യ രേണുകയും അറസ്റ്റ് ഉറപ്പിച്ച ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരിയും സമ്മതിച്ചു.
ഇന്നലെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ പൊലീസിന് ലഭിച്ചില്ല. ഇവരുടെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യൽ തുടരും. സൂരജ് മുൻപും വീട്ടിൽ ഉഗ്രവിഷമുള്ള പാമ്പുകളെ കൊണ്ട് വന്നിരുന്നതായി സൂരജിനെ അച്ഛനും അമ്മയും സഹോദരിയും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നു എന്നാണ് മൂവരുടെയും മൊഴി. ഇവരുടെ മൊഴികൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൂന്നുപേരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ട്.
Read Also:ഉത്രാ വധക്കേസ്; പ്രതികളുടെ തെളിവെടുപ്പ് തുടരും
അന്വേഷണത്തിൽ പൂർണ്ണ തൃപ്തി ഉണ്ടെന്നും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും എതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും ഉത്രയുടെ അച്ഛൻ വിജയസേനൻ പറഞ്ഞു.
സൂരജിനെയും സുരേന്ദ്രനെയും വിവിധയിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കുകയാണ് ഇപ്പോൾ അന്വേഷണസംഘം. സൂരജ് , സുരേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇവരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. എന്നാൽ വനം വകുപ്പ് ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ട്.
Story Highlights- Uthra murder case