ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹകരണ ബാങ്കുകള്‍ ടിവി നല്‍കും
ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹകരണ ബാങ്കുകള്‍ ടിവി നല്‍കും. വീടുകളില്‍ ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി ടെലിവിഷന്‍ സൗകര്യമൊരുക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കി ഉത്തരവിറക്കി.
സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികളെ പ്രദേശത്തെ സ്‌കൂളുകളുമായി സഹകരിച്ച് കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്യുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
അതേസമയം, കൈറ്റ് വിക്ടേഴ്‌സ് ചാനല്‍വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ ക്രമീകരണമൊരുക്കാന്‍ ഹൈടെക് സ്‌കൂള്‍ – ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ വിന്യസിച്ച ഐടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുമതി നല്‍കി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി.
സ്‌കൂളുകളില്‍ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളുമാണ് പ്രയോജനപ്പെടുത്താന്‍ കഴിയുക. വീട്ടിലും സമീപത്തും ക്ലാസുകള്‍ കാണാന്‍ അവസരമില്ലാത്ത കുട്ടികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയൂണിറ്റുകളുടെയുമെല്ലാം സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍ സ്‌കൂളുകളില്‍ ലഭ്യമായ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇതിനായി ആവശ്യമായ പ്രദേശം പ്രഥമാധ്യാപകര്‍ കണ്ടെത്തണം. പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Story Highlights: Co-operative banks will offer TVs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here