ഉത്രാ വധക്കേസ്; പ്രതികളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

അഞ്ചൽ ഉത്രാ വധക്കേസിൽ പ്രതികളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതികളായ സൂരജിനെയും സുരേഷിനെയും ആണ് പുനലൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. അന്വേഷണ സംഘം കസ്റ്റഡി നീട്ടി നൽകാൻ ആവശ്യപ്പെടാൻ ഇടയില്ല. അതേസമയം, വനംവകുപ്പ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനെയും സുരേഷിനെയും ഇന്ന് ഉച്ച കഴിഞ്ഞാവും കോടതിയിൽ ഹാജരാക്കുക. ഇവരിൽ നിന്നും പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. ഇന്നലെ സുരേഷിനെ കല്ലുവാതുക്കൽ ഉള്ള വീട്ടിൽ എത്തിച്ചു വീണ്ടും ചോദ്യം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണ സംഘം ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഇടയില്ല. എന്നാൽ, സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കസ്റ്റഡിയിൽ തുടരുന്നതിനാൽ ആവശ്യമെങ്കിൽ രണ്ടു ദിവസത്തേക്ക് കസ്റ്റഡി നീട്ടി നൽകാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. നാളെ രാവിലത്തെ ചോദ്യം ചെയ്യലിന് ശേഷമാവും അന്വേഷണസംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, വനം വകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന മുറയ്ക്ക് പ്രതികളെ വനംവകുപ്പിന് നൽകണമെന്നാണ് ആവശ്യം. ഇരുവർക്കുമെതിരെ 1972ലെ വന്യജീവി നിയമപ്രകാരം 9,32 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിനായി നാളെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ഇരുവരെയും വിളിച്ചിരിക്കുന്നത്.

Story highlight: Uthra murder case; The accused will be produced in court again today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top