Advertisement

പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ?; ഫേസ്ബുക്ക് പോസ്റ്റുമായി വിസി അഭിലാഷ്

June 4, 2020
Google News 3 minutes Read
vc abhilash elephant lovers

ആനപ്രേമികളെ വിമർശിച്ച് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വിസി അഭിലാഷ്. പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ എന്ന് അഭിലാഷ് ചോദിക്കുന്നു. അവരെ തടി പിടിക്കാനയയ്ക്കുമോ എന്നും ഉത്സവമുറ്റത്തെ തീപ്പന്തങ്ങൾക്കും ചെണ്ടഘോഷങ്ങൾക്കും നടുവിൽ കെട്ടുകാഴ്ച്ചയാക്കി നിർത്തി പണമുണ്ടാക്കുമോ എന്നും അഭിലാഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ പ്രേമരോഗികളെ തനിക്ക് വെറുപ്പാണെന്നും അഭിലാഷ് പറയുന്നു.

വിസി അഭിലാഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കുറേ ആനപ്രേമികളുണ്ട് നാട്ടിൽ.
എവിടെ ആനയെ കണ്ടാലും ”ഇത് മ്മടെ മംഗലാശ്ശേരി കുട്ടിശ്ശങ്കരനല്യേ?” – ന്നും ചോദിച്ച് അതിൻ്റെ മുമ്പിൽ ചെന്ന് നിൽക്കും. കുട്ടിശ്ശങ്കരനല്ലെങ്കിൽ അത് പിന്നെയാരെന്ന് ഓർത്തെടുത്ത് പറയും.
ഒപ്പം,
“എനിക്ക് പിണ്ടം കണ്ടാലറിയാം ഏതാനയാണെന്ന്!” – എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യും..

അപ്പോൾ കണ്ട് നിൽക്കുന്നയാളുകൾ പറയും.(അല്ലെങ്കിൽ പറയണം):
”അയ്യാള് വല്യ ആനപ്രേമിയാണേ!”

മറ്റ് ചിലര് പ്രേമം മൂത്ത് ലക്ഷങ്ങൾ കൊടുത്ത് ആനയെ വാങ്ങും.
അവയെ ഉത്സവത്തിന് പറഞ്ഞ് വിടും.
തടി പിടിക്കാനയയ്ക്കും.

വേറെ പണിയൊന്നും ഇല്ലാത്തപ്പൊ തറവാടിൻ്റെ മുറ്റത്ത് തലയാട്ടി പിണ്ഡമിട്ട് നിന്നോണം. വരണോരും പോണോരും അറിയണം കുലമഹിമ. ചില വലിയ ഷോപ്പുകളുടെ മുന്നിൽ ആനയുടേയും കരടിയുടേയും ‘ബൊമ്മ’ കെട്ടിയാടുന്ന മനുഷ്യരെപ്പോലെ!

സത്യം പറഞ്ഞാൽ ഇമ്മാതിരി പ്രേമരോഗികളെ എനിക്ക് വെറുപ്പാണ്.
ആനപ്രേമിയാണ് പോലും.
പ്രേമിക്കുന്നവരെ ലോകത്ത്
ആരെങ്കിലും ചങ്ങലയ്ക്കിടുമോ?
തടി പിടിക്കാനയയ്ക്കുമോ?
ഉത്സവമുറ്റത്തെ തീപ്പന്തങ്ങൾക്കും ചെണ്ടഘോഷങ്ങൾക്കും നടുവിൽ കെട്ടുകാഴ്ച്ചയാക്കി നിർത്തി പണമുണ്ടാക്കുമോ?

അങ്ങനെ പൊരിവെയിലത്തും മറ്റും നിന്ന് ഈ മിണ്ടാപ്രാണികൾ ദുരിതമനുഭവിക്കുമ്പോൾ മേൽപ്പറഞ്ഞ ‘പ്രേമലോലൻമാർ’ അവയുടെ മുന്നിൽ നിന്ന് മറ്റേ ഡയലോഗടിക്കും; ”വാര്യത്തെ നീലകണ്ഠനല്യോ ഇത്…? ..അല്ല…ല്ലൊ!!”

സഹ്യൻ്റെ മകൻ്റെ ഉൾമനസിലെ
കാട്ടു സ്വപ്നങ്ങളെ സൂചിപ്പിച്ച്
”ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം ?”- എന്ന് വൈലോപ്പിള്ളി എഴുതിയത് ഇക്കൂട്ടർ വായിച്ചിട്ടുണ്ടാവില്ല!

ആന വന്യജീവിയാണ്. അതൊരിക്കലും നാട്ടുജീവിയല്ല. ‘നാട്ടാന’ എന്ന വാക്കു തന്നെ നാട്ടിലെ ഏറ്റവും വലിയ ഫേക്ക് പ്രയോഗമാണ്. പക്ഷേ കൊച്ചു കുട്ടികളുടെ പാഠപുസ്തകങ്ങളിൽ പോലും പലപ്പോഴും ആനയെ ഒരു നാട്ടുജീവിയായാണ് അവതരിപ്പിക്കാറുള്ളത്.

എന്നാൽ കാടിൻ്റെ ഹരിതശീതളിമയിൽ കഴിയുന്ന വിധത്തിലാണ് അവയുടെ
ശരീര ഘടന. കാടകങ്ങൾ ശിഥിലമാക്കുമ്പോളാണ്, അവിടെ ജീവസന്ധാരണത്തിന് വഴിയില്ലാത്തമ്പോഴാണ് അവ അതിരുകളിലേക്കെത്തുന്നത്. അവയുടെ അതിരുകളിൽ ഇടംകയ്യേറിയത് നമ്മളാണ്. അവർ അതോടെ അവ നമുക്ക് ശത്രുക്കളാവുന്നു!!

ആയതിനാൽ ആന പ്രേമികളെ,
മാതംഗലീല വല്ല ഗ്രന്ഥപ്പുരകളിലും
ഒളിപ്പിച്ചു വയ്ക്കൂ.
അല്ലെങ്കിൽ കത്തിച്ച് കളയൂ.
എന്നിട്ട് ആനകൾ മജ്ജയും മാംസവുമുള്ള ജീവികളാണെന്ന് ദയവായി തിരിച്ചറിയൂ.

Story Highlights: VC Abhilash facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here