ലാപ്‌ടോപ് വേണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനി; നല്‍കാമെന്ന് ഉറപ്പു നല്‍കി കളക്ടര്‍

Collector assured the student provided with laptop

സര്‍, ഞാന്‍ സ്‌നേഹ ബിജു, ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. എനിക്കും എന്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്‌ടോപ് വേണം. കളക്ടറേറ്റിലെ മോണിറ്ററില്‍ തെളിഞ്ഞ കുഞ്ഞു പരാതിക്കാരിയുടെ ആവശ്യം പരിഗണിക്കാതിരിക്കാന്‍ കളക്ടര്‍ എസ്.സുഹാസിനായില്ല.

‘യെസ്, ഓകെ സ്‌നേഹ , ലാപ്‌ടോപ് എത്രയും പെട്ടെന്ന് എത്തിക്കാന്‍ ഏര്‍പ്പാടാക്കാം കേട്ടോ’ പെട്ടെന്നു തന്നെ പ്രശ്‌നത്തിനു പരിഹാരമായി കളക്ടറുടെ വാക്കുകള്‍. വിഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലയില്‍ നടത്തിയ ആദ്യ പരാതി പരിഹാര അദാലത്തിലാണ് വ്യത്യസ്ത ആവശ്യവുമായി സ്‌നേഹ എത്തിയത്.
മറ്റു പരാതികളുടെ നടുവില്‍ സ്‌നേഹയുടെ പരാതിക്ക് മുഖ്യ പരിഗണന നല്‍കുകയും ചെയ്തു കളക്ടര്‍.

വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പരപ്പില്‍ വീട്ടില്‍ ബിജുവിന്റെയും സോണിയയുടെയും മകളാണ് സ്‌നേഹ. ആലപ്പുഴ സെന്റ്.ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ പരീക്ഷയെഴുതാന്‍ തയാറെടുക്കുകയാണ്. അതോടൊപ്പം ആലപ്പുഴ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ റോവിംഗ് പരിശീലനവും നടത്തുന്നു. അനിയന്‍ രണ്ടാം ക്ലാസിലും അനിയത്തി പ്ലസ് ടുവിനും പഠിക്കുന്നു. മൂന്നു പേര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. സ്‌നേഹക്ക് സായ് ലെ കോച്ചിംഗ് ക്ലാസും ഓണ്‍ലൈനായി പങ്കെടുക്കണം.

Read Also:കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി

വീട്ടില്‍ ബിജുവിനു മാത്രമാണ് സ്മാര്‍ട്ട് ഫോണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ബിജുവിനാണെങ്കില്‍ ജോലി ആവശ്യത്തിനായി ഫോണ്‍ ഉപയോഗിക്കുകയും വേണം. മക്കള്‍ക്ക് മൂന്നു പേര്‍ക്കും പുതിയ ഫോണ്‍ വാങ്ങി നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. പിന്നീട് പ്രശ്‌ന പരിഹാരത്തിനായി കളക്ടറെ സമീപിക്കാന്‍ സ്‌നേഹ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കോഴിപ്പിള്ളി അക്ഷയ കേന്ദ്രത്തിലെത്തി പരാതി നല്‍കിയത്. ഇന്നലെ അക്ഷയ കേന്ദ്രത്തിലെത്തി കളക്ടറുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്‌നേഹക്ക് എത്രയും പെട്ടെന്ന് ലാപ്‌ടോപ് എത്തിക്കുമെന്ന് കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

Story highlights-Collector assured the student provided with laptop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top