Advertisement

അപ്പാര്‍ട്ട്‌മെന്റുകളിലെ ഹോം ക്വാറന്റീന്‍: പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

June 6, 2020
1 minute Read

സംസ്ഥാനത്ത് വിദേശങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും ഹോം ക്വാറന്റീനില്‍ അയക്കാനുള്ള തീരുമാനം പുനഃ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.

അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ്, വില്ലകള്‍ എന്നിവിടങ്ങളില്‍ ഹോം ക്വാറന്റീന്‍ ഏര്‍പ്പാടാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അപ്പാര്‍ട്ടുമെന്റുകളിലും ഫ്‌ളാറ്റുകളിലും വില്ലകളിലും ക്വാറന്റീന് അവസരം നല്‍കിയാല്‍ അത് സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമെന്ന് പരാതിയില്‍ പറയുന്നു. അപ്പാര്‍ട്ടുമെന്റുകളിലും ഫ്‌ളാറ്റുകളിലും പത്രവിതരണം മുതല്‍ മാലിന്യ നിര്‍മാര്‍ജനം വരെ നടക്കുന്നത് പൊതുവഴിയിലൂടെയാണ്. പൊതു ലിഫ്റ്റുകളാണ് ഓരോ നിലകളിലെയും താമസക്കാര്‍ ഉപയോഗിക്കുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കൊവിഡ് ബാധിതന്‍ ഉണ്ടെങ്കില്‍ അദ്ദേഹം ഉപയോഗിക്കുന്നതും പൊതുവഴിയും ലിഫ്റ്റും ആയിരിക്കും. അപ്പാര്‍ട്ട്‌മെന്റ് റസിഡന്‍സ് അസോസിയേഷനുകള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയെങ്കിലും സര്‍ക്കാര്‍ ഇവരുമായി കൂടിയാലോചിക്കാതെയാണ് ക്വാറന്റീന്‍ സംബന്ധിച്ച തീരുമാനമെടുത്തത്. പരാതി വസ്തുനിഷ്ഠവും പുതിയ സാഹചര്യത്തില്‍ തികച്ചും പ്രസക്തവുമാണെന്നും ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചന അനിവാര്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

 

Story Highlights: Home Quarantine in Apartments:Human Rights Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top