ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രം: പ്രതിഷേധവുമായി ബിജെപി

ഡൽഹി സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രമാക്കിയ തീരുമാനത്തിനെതിരെ ബിജെപി. സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കൊവിഡ് നേരിടുന്നതിൽ അരവിന്ദ് കേജ്രിവാൾ സർക്കാർ പരാജയമാണെന്നും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയെന്ന് ജനങ്ങളോട് നുണ പറയുന്നുവെന്നും ബിജെപി ആരോപിച്ചു. തെരുവിൽ പ്രതിഷേധിച്ച ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് കുമാർ ഗുപ്ത അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികളിൽ ഡൽഹി നിവാസികൾക്ക് മാത്രം ചികിത്സയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് രാവിലെയാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾക്കും നിർദേശം ബാധകമാണ്. കേന്ദ്രസർക്കാരിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാമെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ഡൽഹി സർക്കാരിന് കീഴിലേയും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചികിത്സയ്ക്കായി രോഗികൾ എത്തുന്നത് കിടക്കകളുടെ ദൗർലഭ്യത്തിന് കാരണമാകും. ഈ മാസം അവസാനത്തോടെ 15,000 കിടക്കകളുടെ ആവശ്യം വരുമെന്ന് മുൻകൂട്ടി കണ്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. നാളെ അതിർത്തികൾ തുറക്കും.
അതേസമയം, ജൂൺ അവസാനത്തോടെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടന്നേക്കുമെന്ന് ഡോ. മഹേഷ് വെർമ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹിയിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുന്നു. ജൂലൈ പകുതിയോടെ 42000 കിടക്കകൾ ആവശ്യമായി വരുമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടും കൂടി പരിഗണിച്ചാണ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തിയത്.
delhi government, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here