ഇന്ത്യയുടെ പേര് മാറ്റണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടോ? സത്യമിതാണ് [24 fact check]

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നൊരു വാർത്ത. ആ വാർത്ത വ്യാജമെന്ന് അറിഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയല്ല, സത്യാവസ്ഥ മനസിലാക്കാതെ, അതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ പ്രചരിപ്പിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ മനസിലാക്കാൻ വേണ്ടിയാണ് ഈ വിഷയം ചർച്ച ചെയ്യുകയാണ്.
‘ഇന്ത്യ എന്നല്ല, ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ അങ്ങനെ വേണം പറയാൻ. രാജ്യ സ്‌നേഹത്തിനായി ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്രം തിരുത്തുവരുത്തണമെന്ന് സുപ്രിംകോടതി’. ഫേസ്ബുക്കിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിലെ ഉള്ളടക്കം ഇതാണ്.
ഇങ്ങനെയൊരു ആവശ്യം സുപ്രിംകോടതി കേന്ദ്രത്തിന് മുന്നിൽവച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം. ട്വന്റിഫോർ ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്ത ഒരു സുപ്രിംകോടതി വാർത്തയെ വളച്ചൊടിച്ച് ഇത്തരമൊരു വ്യാജ വാർത്തയാക്കി നൽകുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇന്ത്യയുടെ പേര് മാറ്റി ഭരതമെന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി നൽകി എന്നത് സത്യമാണ്. ഈ ഹർജി സുപ്രിംകോടതി തള്ളുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here