കവർച്ച നടത്തിയത് ഓൺലൈനിൽ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനായി അസമിലേക്ക് പോകാൻ; ബിലാലിന്റെ മൊഴി പുറത്ത്

കോട്ടയം വേളൂരിലെ ഷീബ വധക്കേസ് പ്രതി ബിലാലിൻ്റെ മൊഴി പുറത്ത്. കവർച്ച നടത്തിയത് നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനായി അസമിലേക്ക് പോകാനായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ബിലാലിനെ ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി അസം സ്വദേശിയായ ഒരു യുവതിയുമായി ബിലാൽ അടുപ്പത്തിലായിരുന്നു. നവമാധ്യമത്തിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്. ഇവരെ കാണാൻ അസമിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിവരികയായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അസമിലേക്ക് പോവുക വെല്ലുവിളി ആയിരുന്നു. വലിയ തുക മുടക്കേണ്ടി വരും എന്നതും ഇയാൾ മനസ്സിലാക്കി. ഈ യാത്രക്കുള്ള പണം കണ്ടെത്താനായാണ് ഇയാൾ മോഷണം നടത്താൻ തീരുമാനിച്ചത്.
പത്തരയോടെയാണ് ബിലാലിനെ ലോഡ്ജിൽ എത്തിച്ചത്. കൊല നടത്തിയ ശേഷം ഇവിടെയെത്തി മുറിയെടുത്തു എന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ ലോഡ്ജിൽ എത്തിച്ചത്. ഷീബയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കാർ ഇയാൾ ആലപ്പുഴയിലാണ് ഉപേക്ഷിച്ചത്. അതിനു ശേഷമാണ് ലോഡ്ജിലെത്തി മുറിയെടുത്തത്. 11.58ഓടെ മുറിയെടുത്ത ഇയാൾ 1.15ഓടെ ചെക്കൗട്ട് ചെയ്തു.
മൂന്ന് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം. നാളെ കസ്റ്റഡി കാലാവധി പൂർത്തിയാകും.
Read Also: കോട്ടയം കൊലപാതകം: പ്രതിക്ക് കുട്ടിക്കാലം മുതൽ കുറ്റവാസന
ജൂൺ ഒന്നിനാണ് കോട്ടയത്ത് 55 കാരി ഷീബയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. വീടിനുള്ളിൽ ഷീബയേയും സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്നുവിട്ട നിലയിലായിരുന്നു.
Story Highlights: kottayam murde cuprit statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here