കഠിനംകുളം കൂട്ടബലാത്സംഗം; ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നത് കമ്മീഷനെ അറിയിക്കണമെന്ന് ഡിജിപി ആർ. ശ്രീലേഖയോട് നിർദേശിക്കുകയും ചെയ്തു.

അതിനിടെ കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭർത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. സുഹൃത്തും ഭർത്താവും ചേർന്നാണ് യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തുടരുകയാണ് ചെയ്തത്. യുവതിയെ രക്ഷിക്കാൻ ഭർത്താവ് തയ്യാറായില്ല. സംഭവം ആസൂത്രിതമാണെന്നതിനുള്ള വ്യക്തമായ സൂചനയാണിത്. കേസിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

read also: കഠിനംകുളം കൂട്ട ബലാത്സംഗക്കേസ്; മുഖ്യ പ്രതി പിടിയിൽ

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് കൂട്ടബലാത്സംഗം നടന്നത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തൻകോട്ടെ വീട്ടിൽ നിന്ന് യുവതിയെയും രണ്ടു മക്കളെയും ഭർത്താവ് കഠിനംകുളത്തെ രാജൻ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടർന്ന് ഭർത്താവ് പുറത്തുപോയ സമത്ത് രണ്ട് പേർ വന്ന് യുവതിയെ പുറത്തേയ്ക്ക് കൊണ്ടുപോയി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തയ്യാറായി നിന്നിരുന്ന ഓട്ടോയിൽ രണ്ട് പേർ ചേർന്ന് യുവതിയേയും മകനേയും വലിച്ച് കയറ്റി പത്തേക്കർ എന്ന സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

story highlights- kadinamkulam, gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top