കള്ളപ്പണക്കേസ്; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പരാതിക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പരാതിക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കളമശേരി സ്വദേശി ഗിരീഷ് ബാബുവിൽ നിന്നാണ് മൊഴിയെടുത്തത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.
രാവിലെ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പരാതിക്കാരനിൽ നിന്നും മൊഴിയെടുത്തത്. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസിൽ തനിക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്ന് ഹർജിക്കാരനായ ഗിരീഷ് ബാബു പൊലീസിന് മൊഴി നൽകി. പരാതി പിൻവലിക്കാൻ തനിക്ക് ഇപ്പോഴും സമ്മർദമുണ്ട്. കൈക്കൂലി തനിക്ക് ആവശ്യമുണ്ടായിരുന്നെങ്കിൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നെന്നും ഗിരീഷ് ബാബു വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപ്പത്രത്തിൻറെ അക്കൗണ്ടിലേക്ക് 10 കോടി കൈമാറിയത് സംബന്ധിച്ച് കേസ് നൽകിയ ഗിരീഷ് ബാബുവിനെ ഭീഷണിപെടുത്തിയെന്നാണ് പരാതി. ഗിരീഷ് ബാബുവിനെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ, ഗിരീഷ് ബാബു ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാനാണ് ശ്രമിക്കുന്നതെന്നാണ് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം. പരാതിയുടെ പേരിൽ ഭാവിയിൽ ഉപദ്രവിക്കാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആവശ്യപ്പെട്ടെന്നും ഇബ്രാഹിം കുഞ്ഞ് പറയുന്നു.
Story highlight: Forgery Police take statement from complainant of former minister Ibrahim Kunju threatening him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here