തൃശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്; 13293 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്റല്‍ സര്‍ജന്‍ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവായ ഊരകം സ്വദേശി (54), ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ കൊവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുളള സ്ത്രീ (60), ജൂണ്‍ അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശിനികളായ രണ്ടു പേര്‍ (46), മെയ് 27 ന് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ പുന്നയൂര്‍കുളം സ്വദേശി (30) എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ രോഗമുക്തരായി. ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 134 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ ഒന്‍പത് പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയില്‍ 170 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13143 പേരും ആശുപത്രികളില്‍ 150 പേരും ഉള്‍പ്പെടെ ആകെ 13293 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂണ്‍ 9)നിരീക്ഷണത്തിന്റെ ഭാഗമായി 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 816 പേരെയാണ് പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. അതേസമയം, 693 പേര്‍ ഇന്ന് നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചു.
Story Highlights: covid19, coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here