പ്രളയഫണ്ട് തട്ടിപ്പ്; മുഖ്യപ്രതിയുടെ ഒന്നര കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ശുപാർശ

എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ എസ് സുഹാസ് വകുപ്പ് തല അന്വേഷണ സംഘത്തിന് കൈമാറി. ജോയിന്റ് ലാൻഡ് കമ്മീഷണർക്കാണ് കൈമാറിയത്. കേസിൽ ഗുരുതര ക്രമക്കേടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിശദീകരണം കളക്ടർക്ക് തൃപ്തികരമല്ലെന്നാണ് സൂചന. പതിനൊന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യതയെന്നാണ് വിവരം. മുഖ്യ പ്രതി വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുവകകളുണ്ടെന്നാണ് റിപ്പോർട്ട്. നഷ്ടമായ പണം തിരിച്ചു പിടിക്കാൻ വിഷ്ണു പ്രസാദിനെതിരെ റവന്യൂ റിക്കവറിക്ക് കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശയെന്ന് സൂചനയുണ്ട്. ഫണ്ട് തട്ടിപ്പ് കൈകാര്യം ചെയ്തതിലും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ടെന്ന് വിവരം.
Read Also: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി; കൂടുതൽ നടപടികൾക്കായി കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ
അതേസമയം അറസ്റ്റിലായ പ്രതി വിഷ്ണു പ്രസാദുമായി അന്വേഷണ സംഘം തെളിവെടുത്തു. എറണാകുളം കളക്ടറേറ്റിലെ പ്രളയ പരാതി പരിഹാര സെല്ലിലാണ് തെളിവെടുപ്പ് നടന്നത്. ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണത്തിനെത്തിയത്.
കൂടാതെ മൂന്നാം പ്രതി അൻവർ, നാലാം പ്രതി ഖൗലത്ത് എന്നിവരോട് പത്ത് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. അന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാനും നിർദേശം ഉണ്ട്. ഖൗലത്തിന് ജാമ്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
flood relief fund fraud, collector report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here