കൊവിഡ് പടർന്ന് പിടിച്ച രാജ്യത്തെ ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു
കൊവിഡ് പടർന്ന് പിടിച്ച മുംബൈ അടക്കം ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് വ്യാപനം പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ ഉയരുകയാണ്. മധ്യപ്രദേശിൽ കൊവിഡ് കേസുകൾ 10,000 കടന്നു.
മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ബംഗളൂരു എന്നീ മഹാനഗരങ്ങളിലാണ് ഓരോ കേന്ദ്രസംഘത്തെ വീതം നിയോഗിച്ചത്. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പും മുനിസിപ്പൽ ഉദ്യോഗസ്ഥരുമായി ചേർന്ന് പദ്ധതികൾ തയാറാക്കി രോഗവ്യാപനം പിടിച്ചുനിർത്തുകയാണ് കേന്ദ്രസംഘത്തിന്റെ ലക്ഷ്യം. ആദ്യപടിയായി നഗരങ്ങളിലെ സ്ഥിതി അവലോകനം ചെയ്യും. ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകും. സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ടും സമർപ്പിക്കും.
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 1927 പോസിറ്റീവ് കേസുകളും 19 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 36841 ആയി. ഇതുവരെ 326 പേർ മരിച്ചു. ചെന്നൈയിൽ കൊവിഡ് കേസുകൾ കാൽലക്ഷം കടന്നു. ഡൽഹിയിൽ ആശങ്കയുണ്ടാക്കി മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 48 പേർ മരിച്ചു. 1501 പേർ കൂടി രോഗികളായി. ആകെ പോസിറ്റീവ് കേസുകൾ 32810ഉം മരണം 984ഉം ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 34 മരണവും 510 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 21554ഉം മരണം 1347ഉം ആയി ഉയർന്നു.
Story Highlights- coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here