ജോസഫ് വിഭാഗത്തിന് മുന്നിൽ പുതിയ ഉപാധിവച്ച് ജോസ് പക്ഷം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറുന്നതിന് പുതിയ ഉപാധി മുന്നോട്ടുവച്ച് ജോസ് കെ മാണി പക്ഷം. മാണി-ജോസഫ് ലയന സമയത്തെ സീറ്റ് അനുപാതം വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലിച്ചാൽ രാജിവയ്ക്കാമെന്നതാണ് പുതിയ ഉപാധി. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ജോസഫ് വിഭാഗത്തിന്റെ നിർണായക യോഗം നാളെ ചങ്ങനാശേരിയിൽ ചേരും

ഇന്നലെ വൈകുന്നേരം മുതൽ നടക്കുന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് കേരള കോൺഗ്രസ് എമ്മിൽ സമവായ സാധ്യത തെളിയുന്നത്. നിലപാടിൽ ഉറച്ചുനിന്ന ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങൾ മുന്നണി നേതൃത്വത്തിന്റെയും കോൺഗ്രസിന്റെയും ആവശ്യങ്ങൾക്ക് മുന്നിൽ ഉപാധികളോടെ വഴങ്ങാൻ തയ്യാറാകുന്നതായാണ് സൂചന. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പി ജെ ജോസഫിന് വിട്ടുനൽകാൻ പുതിയ ഉപാധി മുന്നോട്ടുവച്ചിരിക്കുകയാണ് ജോസ് കെ മാണി. രണ്ടു ധ്രുവങ്ങളിൽ ആയിരുന്ന കെഎം മാണിയും പിജെ ജോസഫും ലയിക്കുന്ന സമയത്ത് രൂപപ്പെടുത്തിയ സീറ്റ് അനുപാതം
ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും പാലിക്കണമെന്നതാണ് ജോസ് പക്ഷം മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് ബാധകമാക്കണം. പി ജെ ജോസഫ് വിഭാഗം ഇത് അംഗീകരിക്കാൻ തയ്യാറായാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്ന് ജോസ് കെ മാണി നേതൃത്വത്തെ അറിയിച്ചു. ഈ ഉപാധിയിൽ നാളെ നിലപാട് അറിയിക്കാമെന്ന് പി ജെ ജോസഫും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ നാളെ ചങ്ങനാശേരിയിൽ നിർണായക യോഗവും ചേരും.

ഉപാധികൾ വച്ച് ചർച്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ച പി ജെ ജോസഫാണ് കടുത്ത നിലപാടിൽ നിന്ന് പിന്നോട്ടുപോയത്. പാർട്ടി തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന പി ജെ ജോസഫ്, അതുകൂടി മുൻനിർത്തിയാകും ജോസ് കെ മാണിയുടെ ഉപാധിയോട് പ്രതികരിക്കുക. വിധി തങ്ങൾക്കനുകൂലമായാൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ അവകാശവാദം ഉന്നയിക്കാൻ ആകുമെന്നാണ് ജോസഫ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ലയന വേളയിലെ സീറ്റ് അനുപാതമെന്ന ജോസ് കെ മാണിയുടെ ഉപാധിയോട് ജോസഫ് എങ്ങനെ പ്രതികരിക്കും എന്നത് ശ്രദ്ധേയമാണ്. മുന്നണിയുടെ കെട്ടുറപ്പിന് ഇരുവിഭാഗത്തിന്റെയും സഹകരണം തേടിയ യുഡിഎഫ് നേതൃത്വം, ജോസഫും ജോസ് കെ മാണിയും നിലപാട് മയപ്പെടുത്തുമെന്ന പ്രതീക്ഷയിലുമാണ്.

story highlights- p j joseph, jose k mani, kerala congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top