വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കോളജിന് വീഴ്ച പറ്റിയെന്ന് വൈസ് ചാൻസലർ

കോപ്പിയടി ആരോപണത്തേത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചേർപ്പുങ്കൽ ബിവിഎം കോളജിന് വീഴ്ച പറ്റിയതായി എം ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ്. കോളജ് പ്രിൻസിപ്പലിനെ പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റും. സംഭവത്തിൽ സർവകലാശാല നിയോഗിച്ച മൂന്ന് അംഗ സമിതി വിസിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി.
കോപ്പിയടിച്ചെന്ന ആരോപണത്തിന് ശേഷം അഞ്ജുവിന് പരീക്ഷാഹാളിൽ 32 മിനിറ്റുനേരം അധികമായി ഇരിക്കേണ്ടി വന്നു. ഇത് കുട്ടിയിൽ മാനസിക സമ്മർദമുണ്ടാക്കിയിരിക്കാം. ഈ നടപടി ഒഴിവാക്കാമായിരുന്നു. കോപ്പിയടി പിടിച്ചാൽ ഉടൻ വിദ്യാർത്ഥിയെ ഹാളിൽ നിന്ന് പുറത്തിറക്കാം. ഓഫീസിലേക്ക് വിളിപ്പിച്ച് ഉചിതമായ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കാമായിരുന്നുവെന്നും വിസി ഡോ. സാബു തോമസ് പ്രതികരിച്ചു.
കോളജ് പ്രിൻസിപ്പലിനെ പരീക്ഷാ ചീഫ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് നീക്കും. വിദ്യാർത്ഥിനി പരീക്ഷ എഴുതുന്നതടക്കമുളള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് സർവകലാശാലയുടെ അനുമതിയില്ലാതെയാണ്.
പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്നും വിസി വ്യക്തമാക്കി. കോപ്പിയടി ആരോപണം സ്ഥിരീകരിക്കാൻ വിശദമായ പരിശോധന വേണം. ഇക്കാര്യത്തിൽ കയ്യക്ഷര പരിശോധന ആവശ്യമാണ്. നിലവിൽ ഇതിന് കഴിഞ്ഞിട്ടില്ല. ഇത് പിന്നീടാകും നടത്തുകയെന്നും വിസി അറിയിച്ചു.
അഞ്ജുവിന്റെ ഹാൾ ടിക്കറ്റ് നിലവിൽ പൊലീസിന്റെ കൈവശമാണ്. പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും അന്വേഷണ സമതി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് സർവകലാശാല സമിതി വ്യക്തമാക്കി. ഇതിന് ശേഷമാകും തുടർ നടപടികൾ ഉണ്ടാകുക.
story highlights- student suicide, MG university, BVM college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here