സമ്മിയിലൂടെ ഉയർന്ന ഞെട്ടൽ; ഐപിഎല്ലിലെ ശ്വാസം മുട്ടലുകൾ ഇനിയെത്ര?

Racism IPL Darren Sammy

ജോർജ് ഫ്ലോയ്ഡ് ഒരു ചൂണ്ടുപലകയായിരുന്നു, ലോകത്ത് ഇനിയും അവസാനിക്കാത്ത വർണവിദ്വേഷത്തിലേക്കും അതിനെ ചെറുത്തു തോല്പിക്കാൻ ഒരു ജനതയുണ്ടെന്ന യാഥാർത്ഥ്യത്തിലേക്കും. ലോകത്തുടനീളം തെരുവിലിറങ്ങിയവർ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ, അവർ അടിമക്കച്ചവടക്കാരൻ്റെ പ്രതിമ നശിപ്പിച്ചപ്പോൾ, നിങ്ങളെന്നെ വെടിവെക്കുമോ എന്നൊരു പെൺകുട്ടി പൊലീസുകാരനോട് ഭയത്തോടെ ചോദിച്ചപ്പോൾ, അവരൊക്കെ മുന്നോട്ടുവച്ചത് 21ആം നൂറ്റാണ്ടിലും നിലനിന്നു പോരുന്ന വർണവെറിയുടെ തീവ്രതയായിരുന്നു. ചിലർ തെരുവിൽ തോൾ ചേർന്ന് സമരം ചെയ്തപ്പോൾ ചിലർ സമൂഹമാധ്യമങ്ങളിലൂടെ അവരോട് പങ്കു ചേർന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗിൽ ലോകം മുഴുവൻ പ്രതിഷേധം അലയടിച്ചപ്പോൾ നമ്മളും അതിൻ്റെ ഭാഗമായി. എഴുതിയും വരച്ചും ഹാഷ്ടാഗ് ക്യാമ്പയിനിൽ നമ്മൾ പങ്കാവുമ്പോൾ വെൻ്റ് ഇൻഡീസിലെ സെൻ്റ് ലൂസിയക്കാരനായ ഒരു മനുഷ്യൻ താനും വർണവെറിക്കിരയായെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. തനിക്ക് റേസിസം അനുഭവിക്കേണ്ടി വന്നത് ഇന്ത്യയിൽ നിന്നാണെന്ന് കൂടി അയാൾ പറഞ്ഞപ്പോൾ നമ്മൾ അയാളെ ശ്രദ്ധിച്ചു. ഐപിഎല്ലിൽ വച്ച്, സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുമ്പോഴാണ് താൻ വർണവെറിക്ക് ഇരയായതെന്നു കൂടി പറഞ്ഞപ്പോൾ നമ്മൾ ഞെട്ടി. ഡാരൻ സമി എന്ന, 2 തവണ ടി-20 ലോകകപ്പ് സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റൻ തുറന്നു വിട്ടത് കുപ്പിയിലെ ഭൂതത്തെയായിരുന്നു.

Read Also: സമ്മിയെ അധിക്ഷേപിച്ചത് ലക്ഷ്മണും ഇഷാന്തും?; വൈറലായി പഴയ ട്വീറ്റുകൾ

കായികലോകത്തെ റേസിസം പലപ്പോഴും ഫുട്ബോളുമായി ബന്ധപ്പെടുത്തിയാണ് കേട്ടിരുന്നത്. പോൾ പോഗ്ബയും റൊമേലു ലുക്കാക്കുവും മരിയോ ബലോട്ടെല്ലിയും തുടങ്ങി പേരുകളുടെ ഒരു നീണ്ട നിര തന്നെ കാല്പന്തിൽ വീണ വർണവെറിയുടെ അടയാളങ്ങളായിട്ടുണ്ട്. യുവേഫ, സേ നോ ടു റേസിസം എന്ന ക്യാമ്പയിൻ തുടങ്ങാൻ കാരണം തന്നെ ഫുട്ബോൾ മൈതാനങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ള റേസിസ്റ്റ് പരാമർശങ്ങളായിരുന്നു. പക്ഷേ, കാല്പന്ത് ശുദ്ധമായിട്ടില്ല. ഇപ്പോഴും അവിടെ കറ പുരളുന്നുണ്ട്. ഇപ്പോഴും മൈതാനങ്ങളിൽ തൊലി കറുത്തവൻ്റെ കണ്ണീരുപ്പു കലരുന്നുണ്ട്.

ക്രിക്കറ്റിലേക്ക് വന്നാൽ, അവിടവിടെയായി ചില ഉദാഹരണങ്ങൾ കാണാൻ സാധിക്കും. 2006ൽ മുൻ ഓസ്ട്രേലിയൻ താരവും കമൻ്റേറ്ററുമായ ഡീൻ ജോൻസ് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെ ഭീകരവാദി എന്നു വിളിച്ചത് അംലയുടെ നീണ്ട താടിയും മുസ്ലിം ഐഡൻ്റിറ്റിയും കാരണമായിരുന്നു. 2008ൽ ഇന്ത്യയുടെ ഹർഭജൻ സിംഗ് ഓസീസ് മുൻ ഓൾറൗണ്ടർ സൈമണ്ട്സിനെ ‘കുരങ്ങൻ’ എന്നു വിളിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്. ഇംഗ്ലീഷ് ക്രിക്കറ്റർ മൊയീൻ അലി ഒരു ഓസീസ് താരത്തെ ‘ഒസാമ’ എന്നു വിളിച്ചത് 2015ലയിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർക്കും ക്രിക്കറ്റ് മൈതാനത്ത് റേസിസത്തിന് ഇരയാവേണ്ടി വന്നു. ഈ പട്ടികയിലേക്കാണ് ഐപിഎല്ലും ചേർക്കപ്പെടുന്നത്.

വിദേശ ടീമുകളുമായി കളിക്കുമ്പോൾ ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത് ഹിന്ദി സംസാരിച്ചാണ്. തന്ത്രം എതിരാളികൾക്ക് മനസ്സിലാവില്ല എന്നതു കൊണ്ട് തന്നെ ഹിന്ദി അവിടെ ഏറെ ഉപകാരപ്രദമാണ്. ഇതേ തന്ത്രമാണ് സമ്മിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ‘കാലു’ എന്ന പദത്തിൻ്റെ അർത്ഥം ‘കറുത്തവൻ’ എന്നാണെന്ന് സമ്മിക്ക് അറിവുണ്ടായിരുന്നില്ല. വിളി കേൾക്കുമ്പോൾ ടീം അംഗങ്ങൾ ചിരിക്കുമായിരുന്നു എന്നും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ സന്തോഷിപ്പിച്ച് നിർത്തേണ്ടത് തൻ്റെ ചുമതലയാണെന്ന് കരുതിയതു കൊണ്ട് അത് താൻ ആസ്വദിച്ചിരുന്നു എന്നും സമ്മി പറയുന്നു.

Read Also: തന്നെയും പേരേരയെയും വിളിച്ചിരുന്നത് ‘കാലു’ എന്ന്; ഐപിഎല്ലിൽ വച്ച് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് ഡാരൻ സമ്മി

2014 മെയ് 14ന് അന്ന് സൺറൈസേഴ്സിൽ സമ്മിക്കൊപ്പം കളിച്ചിരുന്ന ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ കാലു എന്ന് ഉപയോഗിച്ചിരിക്കുന്നത് കാണാം. സമ്മിയും സ്റ്റെയ്നും അടക്കം നാല് താരങ്ങൾ ഉണ്ടായിരുന ചിത്രത്തിൽ അദ്ദേഹത്തെ മാത്രമാണ് ഇഷാന്ത് അങ്ങനെ വിളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇഷാന്തിൻ്റെ പോസ്റ്റ് നിസ്സാരമായി കാണാനാവില്ല. തനിക്കൊപ്പം ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേരയെക്കൂടി കാലു എന്ന് വിളിച്ചിരുന്നു എന്ന വെളിപ്പെടുത്തലും സമ്മി തന്നെ നടത്തിയിരുന്നു. അത് സൂചിപ്പിക്കുന്നത് ഏറെ അപകടകരമായ ഒരു സാധ്യതയിലേക്കാണ്. ഇനിയും ഒട്ടേറെ കാലുമാർ ഐപിഎല്ലിൽ ഉണ്ടായിട്ടുണ്ടാവാം എന്ന സൂചനയാണ് അത് നൽകുന്നത്.

ഐപിഎല്ലിലെ ഒത്തുകളിയെപ്പറ്റി ഒട്ടേറെ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ഉയർന്നു കേൾക്കാത്ത ഒരു വെളിപ്പെടുത്തലാണ് സമ്മി നടത്തിയിരിക്കുന്നത്. ഈ ഒരു ഉദാഹരണത്തിൽ മാത്രം ഒതുങ്ങുന്നതാണ് ഐപിഎല്ലിലെ റേസിസം എന്ന് കരുതുക വയ്യ. പല ടീമുകളിലായി ഇനിയും സമ്മിമാരുണ്ടാവാം. സമ്മിയുടെ വെളിപ്പെടുത്തൽ പ്രചോദനമായി പലരും സമാനമായ വെളിപ്പെടുത്തലുകൾ നടത്തിയേക്കാം. എന്തായാലും ഐപിഎല്ലിൽ ഒരു ശുദ്ധീകരണം ആവശ്യമാണ്.

Story Highlights: Racism in ipl a study

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top