തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് മാർച്ചുകളിൽ സംഘർഷം

youth congress march

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യുവമോർച്ചയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഇരുസംഘടനകളുടെയും പ്രകടനങ്ങൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലും നിരീക്ഷണ വാർഡിലും രണ്ട് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പരിചരണം പൂർണ പരാജയമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകൾ; അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക നി​ഗമനം

യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. ബാരിക്കേഡുകൾ തള്ളി നീക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് പ്രവർത്തകർ എംജി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാഹനങ്ങളിൽ വന്നവരുമായി വാക്കേറ്റമുണ്ടായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്നു. ആനന്ദ്, ഹരിപ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമൂഹിക അകലം പാലിക്കാതെയും കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുമായിരുന്നു ഇരു പ്രതിഷേധങ്ങളും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ഇരുകൂട്ടർക്കുമെതിരെ കന്റോൺമെന്റ് പൊലീസ്കേസ് എടുത്തു.

trivandrum medical college suicde protest youth congress yuvamorcha, covid ward

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top