സർക്കാർ ഭൂമി കൈയേറിയിട്ടുള്ള വൻകിട കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം; 24 ഇംപാക്ട്

സർക്കാർ ഭൂമി കൈയേറിയിട്ടുള്ള ഹാരിസണും വൻകിട കമ്പനികൾക്കുമെതിരെ അടിയന്തരമായി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം. ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനായി കേസ് നൽകാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് നിർദേശം നൽകിയത്. കോടതികൾ തുറക്കുമ്പോൾ കേസ് ഫയൽ ചെയ്യണമെന്നും അലംഭാവം കാട്ടരുതെന്നും നിർദേശിച്ചിട്ടുണ്ട്. 24 ഇംപാക്ട്.
ഹൈക്കോടതി വിധിയെ തുടർന്ന് സർക്കാരിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനായി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ 2019 ജൂൺ ആറിന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും കോട്ടയം ജില്ല മാത്രമാണ് കേസ് ഫയൽ ചെയ്തത്. മറ്റുള്ള ജില്ലകൾ സർക്കാർ ഉത്തരവ് അവഗണിക്കുകയും വീഴ്ച വരുത്തുകയും ചെയ്തു. ഇതു ട്വന്റിഫോർ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയത്. ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ അടിയന്തരമായി കേസ് ഫയൽ ചെയ്യണം. കൊവിഡ് പ്രതിരോധത്തിനൊപ്പം തന്നെ ഇതിനും പ്രഥമ പരിഗണന നൽകണം.
ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് കോടതികൾ തുറന്നാൽ ഉടൻ കേസ് ഫയൽ ചെയ്യണം. അലംഭാവം കാട്ടരുതെന്നും സർക്കാർ നിർദേശം പാലിക്കണമെന്നും റവന്യൂ സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്ന് റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് 24 നോട് പറഞ്ഞു. സർക്കാർ അഭിഭാഷകരുമായി കൂടിയാലോചിച്ച് നടപടിയെടുക്കണം. ആവശ്യമെങ്കിൽ പുറത്തുനിന്നും അഭിഭാഷകരെ നിയോഗിക്കുന്ന കാര്യം സർക്കാരുമായും അഡ്വക്കേറ്റ് ജനറലുമായും ആലോചിച്ച് തീരുമാനിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Story Highlights- collector, 24 impact, harrison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here