മിഥുനമാസ പൂജയ്ക്കായി ശബരിമല നട തുറന്നു; ഭക്തർക്ക് പ്രവേശനമില്ല

മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകൾ തെളിച്ചു.
ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്കും ഡ്യൂട്ടിക്കെത്തിയ ക്ഷേത്ര ജീവനക്കാർക്കും തന്ത്രിയും മേൽശാന്തിയും വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ഇന്ന് പതിവ് പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. 15ാം തിയതി ആണ് മിഥുനം ഒന്ന്. അന്നേദിവസം പുലർച്ചെ തിരുനട തുറന്ന് നിർമാല്യദർശനവും അഭിഷേകവും നടത്തും. തുടർന്ന് മണ്ഡപത്തിൽ ഗണപതിഹോമം നടക്കും.
Read Also: ഫസ്റ്റ്‌ബെല്‍ ക്ലാസൂകളുടെ ഒരുക്കം നേരില്‍ കണ്ട് സ്പീക്കര്‍
കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കണക്കിലെടുത്ത് മാസപൂജ സമയത്തും അയ്യപ്പഭക്തർക്ക് ദർശനം അനുവദിച്ചിട്ടില്ല. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ ഉണ്ടാവുകയുള്ളൂ. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഈ ദിവസങ്ങളിൽ ഉണ്ടാവുകയില്ല. മിഥുന മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവിൽ നട അടയ്ക്കും. ജൂലൈ മാസം 15 മുതൽ 20 വരെയായിരിക്കും കർക്കിടക മാസ പൂജകൾ നടക്കുക.
sabrimala monthly pooja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here