മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ എഫ്‌ഐആർ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. ഞായറാഴ്ച അസാധാരണ സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിനോദ് ദുവ അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ചു. അതേസമയം, ജൂലൈ 6 വരെ അറസ്റ്റ് നിന്ന് സംരക്ഷണം നൽകി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതാക്കളെയും യൂട്യൂബ് ഷോയിൽ വിനോദ് ദുവ പരാമർശിച്ചതാണ് കേസിനാധാരം. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹിമാചൽ പൊലീസ്, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ സുപ്രിംകോടതിയെ സമീപിച്ചത്.

എന്നാൽ, അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിമാചൽ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാം. വിനോദ് ദുവയുടെ ഡൽഹിയിലെ വീട്ടിൽ വച്ചു ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിന് 24 മണിക്കൂർ മുൻപ് നോട്ടീസ് നൽകണമെന്നും ഉത്തരവിട്ടു. സ്റ്റേ അനുവദിക്കാത്തത് തെറ്റായ സന്ദേശം നൽകുമെന്ന് വിനോദ് ദുവയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ തെറ്റായ സന്ദേശമാണോ, ശരിയായ സന്ദേശമാണോയെന്ന് ഞങ്ങളാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കോടതിയുടെ മറുപടി. കേന്ദ്രസർക്കാരിനും ഹിമാചൽ സർക്കാരിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, ഹിമാചൽ പൊലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ജൂലൈ 6ന് കേസ് വീണ്ടും പരിഗണിക്കും.

Story highlight: SC stays FIR against journalist Vinod Dua

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top