ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ നിന്ന് നീക്കം ചെയ്യും: പത്തനംതിട്ട ജില്ലാ കളക്ടര്‍

വലിയ തോതില്‍ മഴയുടെ തടസമുണ്ടായില്ലെങ്കില്‍ വരുന്ന ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിനൊപ്പം പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

1,28,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങളാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുന്നത്. ഇതുവരെ 5366 ലോഡുകളിലായി 22820 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. പമ്പയില്‍ 2018 ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍, മാലിന്യങ്ങള്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

40 ടിപ്പറുകള്‍, 10 ഹിറ്റാച്ചി, 15 ജെസിബി ഉള്‍പ്പടെ 65 വാഹനങ്ങളാണ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നത്. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിച്ച് മാറ്റുന്ന മണല്‍, മാലിന്യങ്ങള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്താണ് നിക്ഷേപിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പമ്പയിലെ മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പൂര്‍ണ തൃപ്തനാണെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് പറഞ്ഞു.

എഡിഎം അലക്‌സ് പി. തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, സതേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയ് കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, അടൂര്‍ ആര്‍ഡിഒ ജെസിക്കുട്ടി മാത്യു, റാന്നി എസിഎഫ് ഹരികൃഷ്ണന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ എസ്. മണി, പമ്പ റെയ്ഞ്ച് ഓഫീസര്‍ അജയ് ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Story Highlights: 75,000 cube of sand and waste will be removed from Pamba within 20 days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top