തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ആസിഫ് സിവില്‍ സര്‍വീസ് നേടാനായി നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും തെറ്റെന്നാണ് കണ്ടെത്തല്‍. ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ആസിഫിനെതിരെ നടപടിയെടുക്കാന്‍ പഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല.
തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് സിവില്‍ സര്‍വീസ് നേടിയത് തെറ്റായ രേഖകള്‍ ഉപയോഗിച്ചാണെന്ന ട്വന്റിഫോര്‍ വാര്‍ത്ത ശരിവയ്ക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ആദായ നികുതി റിട്ടേണ്‍സ് രേഖകള്‍ പ്രകാരം ആസിഫിന് ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്നാണ് കണ്ടെത്തല്‍. കണയന്നൂര്‍ തഹല്‍സീദാര്‍ നല്‍കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോം ജോസ് ചീഫ് സെക്രട്ടറിയായിരുന്നപ്പോഴാണ് കേന്ദ്ര പഴ്‌സണ്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ആസിഫിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1969 ലെ ഓള്‍ ഇന്ത്യാ സര്‍വീസസ് ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍ ചട്ടപ്രകാരം ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാരാണ് നടപടി എടുക്കേണ്ടത്.
മാതാപിതാക്കള്‍ക്ക് പാന്‍കാര്‍ഡ് ഇല്ലെന്നും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാറില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആസിഫ് കെ യൂസഫ് നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നേടിയത്. 28 ലക്ഷം രൂപയോളം വാര്‍ഷിക വരുമാനമുണ്ടെന്ന കാര്യവും സിവില്‍ സര്‍വീസ് നേടാനായി മറച്ചുവച്ചു. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.
Story Highlights: Chief Secretary Report against Thalassery Sub Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here