കേരളത്തില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള പ്രോട്ടോക്കോളും ആരോഗ്യ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു

Issued protocol and health directives for short visits in Kerala

വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വസന്ദര്‍ശനങ്ങള്‍ക്കായി കേരളത്തിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ നിര്‍ദേശങ്ങളും പ്രോട്ടോക്കോളും സര്‍ക്കാര്‍ പുറത്തിറക്കി. ഔദ്യോഗികാവശ്യങ്ങള്‍, ബിസിനസ്, കച്ചവടം, മെഡിക്കല്‍, കോടതി തുടങ്ങി വിവിധാവശ്യങ്ങള്‍ക്ക് എത്തുന്നവരെ ക്വാറന്റീനിലാക്കുന്നത് പ്രായോഗിമല്ലാത്തതിനാലാണ് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍/ പെയ്ഡ് ക്വാറന്റീനില്‍ കഴിയണം.
കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിലൂടെ പ്രവേശന പാസ് എടുത്തവര്‍ക്ക് ഏഴു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനാണ് അനുമതി. വിവിധ പഠനാവശ്യങ്ങള്‍ക്കും പരീക്ഷകള്‍ക്കുമായി സംസ്ഥാനത്തെത്തുന്ന കുട്ടികള്‍ക്ക് പരീക്ഷയുടെ മൂന്നു ദിവസം മുന്‍പ് മുതലും പരീക്ഷ കഴിഞ്ഞുള്ള മൂന്നു ദിവസവും ഇവിടെ തങ്ങാന്‍ അനുമതിയുണ്ട്.

ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തുടരുന്നില്ലെന്നും എട്ടാം ദിവസം മടങ്ങിയെന്നും അധികൃതര്‍ ഉറപ്പാക്കണം. യാത്രയുടെ വിശദാംശവും എവിടെ താമസിക്കുമെന്ന വിവരവും ഇവിടെ ബന്ധപ്പെടാനുള്ള വ്യക്തിയുടെ ഫോണ്‍ നമ്പറും നല്‍കിയിരിക്കണം. ഇതിലെന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ കാരണം സഹിതം അത് മുന്‍കൂട്ടി അധികൃതരെ അറിയിക്കണം. വിശദാംശങ്ങള്‍ പരിശോധിച്ച് കളക്ടര്‍മാരാണ് ഹ്രസ്വ സന്ദര്‍ശനത്തിന് അനുമതി നല്‍കേണ്ടത്. ഇവിടെ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്പോണ്‍സര്‍ എന്നിവര്‍ക്കും ഇത്തരത്തില്‍ എത്തുന്ന വ്യക്തിയുടെ യാത്രയ്ക്ക് ഉത്തരവാദിത്തമുണ്ടാവും. കേരളത്തിലെത്തിയാല്‍ ഇവര്‍ മറ്റൊരിടത്തും ഇറങ്ങാതെ വാഹനത്തില്‍ നേരേ താമസസ്ഥലത്തേക്ക് പോകണം. അനുമതി ലഭിച്ചിരിക്കുന്ന സ്ഥലത്തു മാത്രമേ പോകാവൂ. ഇവിടത്തെ ആവശ്യവുമായി ബന്ധപ്പെട്ട ആളുകളെ മാത്രമേ കാണാവൂ. പൊതുസ്ഥലങ്ങളോ ആശുപത്രികളോ സന്ദര്‍ശിക്കരുത്. 60 വയസിനു മുകളിലുള്ളവര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരില്‍ നിന്ന് അകന്നു നില്‍ക്കണം.

പരീക്ഷയ്ക്കും മറ്റ് പഠനാവശ്യങ്ങള്‍ക്കുമായെത്തുന്ന വിദ്യാര്‍ത്ഥികള്‍ താമസസ്ഥലത്തു നിന്ന് നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുത്. കേരളത്തില്‍ കഴിയുന്ന ദിവസങ്ങളില്‍ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ശാരീരികാകലം പാലിക്കുകയും കൈകള്‍ കഴുകുകയും മാസ്‌ക്ക് ധരിക്കുകയും വേണം. സാനിറ്റൈസറും ആവശ്യമായ മാസ്‌ക്കുകളും സന്ദര്‍ശകര്‍ കരുതണം. റൂം സര്‍വീസ്, ഓണ്‍ലൈന്‍ ഭക്ഷണം എന്നിവ പ്രയോജനപ്പെടുത്തണം. അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിക്കാതെ കൂടുതല്‍ ദിവസം ഇവിടെ കഴിയരുത്.

ഏതെങ്കിലും തരത്തിലെ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ദിശയുടെ 1056 എന്ന നമ്പറില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രവര്‍ത്തകരുടെ അനുമതിയില്ലാതെ മുറിക്ക് പുറത്ത് വരരുത്. ചെറിയ തോതിലെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് അവരെ മാറ്റി പരിശോധന ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണം. കേരളത്തില്‍ നിന്ന് മടങ്ങി 14 ദിവസത്തിനകം കൊവിഡ് 19 സ്ഥിരീകരിച്ചാല്‍ അവര്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം.

 

Story Highlights: Issued protocol and health directives for short visits in Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top