രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന്

രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെന്ന് കണക്കുകൾ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു. സിബിഐ അടക്കം കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും, കമാൻഡോകളും ഗ്രേറ്റർ നോയിഡയിലെ പൊലീസ് ആശുപത്രിയിൽ ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ നിന്ന് 2786ഉം തമിഴ്‌നാട്ടിൽ നിന്ന് 1843ഉം ഡൽഹിയിൽ നിന്ന് 1647ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കേസുകൾ 11,000 കടന്ന് മുന്നേറുമ്പോൾ അറുപത് ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്ടിൽ ആകെ രോഗബാധിതർ 46504ഉം, മരണം 479ഉം ആയി. ചെന്നൈയിൽ മാത്രം 1257 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ പോസിറ്റീവ് കേസുകൾ 33243 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 73 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1647 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 42829 ആയി.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 28 മരണവും 514 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24104ഉം മരണം 1506ഉം ആയി. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7213 ആയി ഉയർന്നു. ഗ്രേറ്റർ നോയിഡയിലെ പ്രത്യേക പൊലീസ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച എൻ.ഐ.എ, ഐ.ബി ഏജൻസികളിലെ മൂന്ന് വീതം ഉദ്യോഗസ്ഥരെയും സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥനെയും പ്രവേശിപ്പിച്ചു. എൻ.എസ്.ജിയിലെ കരിമ്പൂച്ചകളും കമാൻഡോകളും അടക്കം 45 പേരും ഇവിടെ ചികിത്സയിൽ തുടരുകയാണ്. ഇതിന് പുറമെ 131 കേന്ദ്രസേന ഭടന്മാരും ചികിത്സയിലാണ്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here